മുംബൈ :
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായിരുന്ന യുവരാജ് സിങ് വിരമിച്ചു. വിരമിക്കല്‍ പ്രഖ്യാപനം മുംബൈയില്‍ വെച്ചായിരുന്നു. ഇനിയുള്ള ജീവിതം സമര്‍പ്പിക്കുന്നത് അര്‍ബുദ രോഗ ബാധിതര്‍ക്കായ്. നീണ്ട 17 വർഷത്തെ കരിയറിനുശേഷമാണ് യുവരാജ് പാഡഴിക്കുന്നത്. 2000 മുതൽ 2017 വരെ യുവരാജ് ഇന്ത്യയ്ക്കായി കളിച്ചിരുന്നു.
യുവിയുടെ ആദ്യ മത്സരം കെനിയയ്‌ക്കെതിരെ 2000 ല്‍ ആയിരുന്നു. കരിയര്‍ ജീവിതം അവസാനിക്കുമ്പോള്‍ യുവി കളിച്ചത് 40 ടെസ്റ്റ്, 304 ഏകദിനങ്ങള്‍, 111 വിക്കറ്റുകള്‍, 8701 റണ്‍സ്. 40 ടെസ്റ്റുകളിലായി 1900 റണ്‍സ് നേടി. 59 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 1177 റണ്‍സ് എന്നിങ്ങനെയാണ് യുവിയുടെ റണ്‍ സമ്പാദ്യം.
ഇന്ത്യ ജേതാക്കളായ 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പിലും 2011-ലെ ഏകദിന ലോകകപ്പിലും നിര്‍ണായ സാന്നിധ്യമായത് യുവിയായിരുന്നു. 2011 ലോകകപ്പില്‍ 362 റണ്‍സും 15 വിക്കറ്റും നേടിയ യുവരാജായിരുന്നു ടൂര്‍ണമെന്റിലെ താരം. പ്രഥമ ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റ്യുവര്‍ട്ട് ബ്രോഡിന്റെ ഒരു ഓവറിലെ ആറു പന്തും സിക്‌സറിന് പറത്തിയ യുവിയുടെ ബാറ്റിങ് ക്രിക്കറ്റ് ആരാധകര്‍ക്കു ഇന്നും രോമാഞ്ചമുണ്ടാക്കുന്ന പ്രകടനമായിരുന്നു.
അര്‍ബുദ ചികിത്സയ്ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ യുവി ഇക്കഴിഞ്ഞ ഐ.പി.എല്‍ മത്സരത്തില്‍ നാലെണ്ണം മാത്രമാണ് ഉണ്ടായിരുന്നത്. ലോകകപ്പ് വേദികളിലെ അവിശ്വസനീയ പ്രകടനങ്ങളിലൂടെ ഇന്ത്യൻ ക്രിക്കറ്റിൽ സ്വന്തം സ്ഥാനം അടിവരയിട്ട് ഉറപ്പിച്ച താരമാണ് രാജ്യാന്തര ക്രിക്കറ്റിനോടു വിടചൊല്ലിയത്.
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും വിവിധ രാജ്യങ്ങളിലെ ടി20 ടൂര്‍ണമെന്റുകളില്‍ 37 കാരനായ യുവരാജ് തുടര്‍ന്നും കളിക്കും.