പത്താൻകോട്ട്:
കത്വയില്‍ എട്ട് വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ്. കുട്ടിയെ ബലാത്സംഗം ചെയ്യാൻ ആസൂത്രണം ചെയ്ത മുഖ്യപ്രതി സാഞ്ജി റാം, സ്പെഷ്യൽ പൊലീസ് ഓഫീസറായ ദീപക് ഖജുരിയ, സാഞ്ജിറാമിന്റെ സുഹൃത്ത് പർവേഷ് കുമാർ എന്നിവർക്കാണ് മരണം വരെ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിലെ മറ്റ് മൂന്ന് പ്രതികളായ ആനന്ദ് ദത്ത, സബ് ഇൻസ്പെക്ടർ സുരേന്ദർ വർമ്മ, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ് എന്നിവർക്ക് അഞ്ച് വർഷം തടവും അമ്പതിനായിരം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്.
കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് ശിക്ഷ. പത്താൻകോട്ട് അതിവേഗകോടതിയിലെ ജില്ലാ സെഷൻസ് ജഡ്ജി തേജ്വീന്ദർ സിംഗാണ് വിധി പ്രഖ്യാപിച്ചത്. 275 തവണ ഹിയറിംഗ് നടന്നു. 132 സാക്ഷികളെ വിസ്തരിച്ചു. എന്നാൽ ശിക്ഷ തൃപ്തികരമല്ലെന്നും അപ്പീൽ നൽകുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
2018 ജനുവരിയിലായിരുന്നു രാജ്യ വ്യാപക പ്രതിഷേധങ്ങളുണ്ടാക്കിയ ക്രൂരമായ ബലാത്സംഗവും കൊലപാതകവും നടന്നത്. കത്വയിലെ ഒരു ക്ഷേത്രത്തിനു സമീപത്തെ ഹാളിൽ കുട്ടിയെ കെട്ടിയിട്ട് മയക്കുമരുന്നു നല്കി മയക്കിയശേഷം നാലു ദിവസം കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. പ്രദേശത്തുനിന്ന് നാടോടികളായ ബഖർവാൾ മുസ്ലീമുകളെ ഒഴിപ്പിക്കുകയായിരുന്നു ക്രൂരകൃത്യത്തിനുപിന്നിലെ ലക്ഷ്യമെന്ന് കുറ്റപത്രത്തിൽ പറയുന്നു. എട്ട് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഗ്രാമത്തിലെ പൗരപ്രമുഖനും മുൻ റവന്യൂ ഉദ്യോഗസ്ഥനുമായ സാഞ്ജി റാമാണ് മുഖ്യ ഗൂഢാലോചന നടത്തിയത്. ഇയാളുടെ അധീനതയിലുള്ള ദേവിസ്ഥാനിലാണ് പീഡനം നടന്നത്. ഇയാളുടെ മകൻ വിശാൽ, പ്രായപൂർത്തിയെത്താത്ത അനന്തരവൻ, സുഹൃത്ത്, സ്‌പെഷ്യൽ പൊലീസ് ഓഫീസർ ദീപക് കജൂരിയ എന്നിവർ കൃത്യങ്ങളിൽ നേരിട്ട് പങ്കെടുത്തു. കേസ് ആദ്യം അന്വേഷിച്ച എസ്.ഐ ആനന്ദ് ദത്ത, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ്, സ്‌പെഷ്യൽ പൊലീസ് ഓഫീസർ സുരേന്ദർ വർമ്മ എന്നിവർ തെളിവ് നശിപ്പിക്കാനും കൂട്ട് നിന്നു.
പ്രായം സംബന്ധിച്ച തർക്കം ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ പ്രായപൂർത്തിയെത്താത്ത ഒരു പ്രതിയുടെ വിചാരണ ആരംഭിച്ചിട്ടില്ല. കുറ്റപത്രം കത്വ കോടതിയിൽ സമർപ്പിക്കാൻ ഒരു കൂട്ടം അഭിഭാഷകർ അനുവദിച്ചിരുന്നില്ല. തുടർന്ന് സുപ്രിം കോടതിയാണ് വിചാരണ പഠാൻകോട്ടിലെ അതിവേഗ കോടതിയിലേക്ക് മാറ്റിയത്.