മുംബൈ :
പ്രശസ്ത കന്നട എഴുത്തുകാരനും, ചലച്ചിത്രകാരനും ജ്ഞാനപീഠജേതാവുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു. 81 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു. ബംഗലൂരുവിലെ വീട്ടിൽ രാവിലെ ആറരയോടെയായിരുന്നു അന്ത്യം.
ഇന്ത്യയിലെ നാടകപ്രവർത്തകരിൽ ഏറ്റവും ശ്രദ്ധേയനാണ് ഇദ്ദേഹം. ഹയവദന, യയാതി, തുഗ്ലക്, നാഗമണ്ഡല എന്നിവയാണു പ്രധാന നാടകങ്ങൾ. വംശവൃക്ഷ എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകനുമായി. ഹിന്ദി സിനിമകളിലും ടിവി പരമ്പരകളിലും അഭിനയിച്ചിരുന്നു.
കൊങ്കിണി സംസാരിക്കുന്ന ബ്രാഹ്‌മണ കുടുംബത്തിൽ 1938 മേയ് 19ന് മഹാരാഷ്ട്രയിലെ മാതേരാനിലാണ് ഗിരീഷ് കര്‍ണാട് ജനിച്ചത്. ആർട്‌സിൽ ബിരുദം നേടിയശേഷം ഇംഗ്ലണ്ടിൽനിന്നു ബിരുദാനന്തര ബിരുദം നേടി. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ചെയർമാനായിരുന്നു.
1992ൽ പത്മഭൂഷൻ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠ പുരസ്കാരം 1998ലാണ് അദ്ദേഹത്തിന് നൽകിയത്.
ദ് പ്രിന്‍സ്, നീലക്കുറിഞ്ഞി പൂത്തപ്പോള്‍ എന്നീ രണ്ടു മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.