എറണാകുളം:
കൊച്ചിയില്‍ നിപ സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞ രണ്ടുപേരുടെ രക്തസാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ലഭിച്ചു. രണ്ടും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. നിപ ബാധിച്ച യുവാവുമായി അടുത്ത് ഇടപഴകിയിരുന്ന രണ്ടുപേരുടെ രക്തസാംപിളുകളാണ് നെഗറ്റീവാണെന്ന റിസള്‍ട്ട് ലഭിച്ചത്. ഇതോടെ വിദ്യാര്‍ത്ഥിയുമായി അടുത്ത് ഇടപഴകിയിരുന്ന എട്ടുപേരുടെ രക്തസാംപിളുകളും നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം നിപ ബാധിതനായ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. യുവാവ് അമ്മയുമായി സംസാരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇടയ്ക്ക് നേരിയ പനിയുണ്ട്. വിദ്യാര്‍ത്ഥിയുടെ രക്തസാംപിള്‍ വീണ്ടും പരിശോധനയ്ക്ക് അയച്ചു. നിപ രോഗത്തില്‍ നിന്നും പൂര്‍ണമായി മുക്തനായി എന്ന് ഉറപ്പിക്കാനാണ് ഇതെന്നും മന്ത്രി പറഞ്ഞു.