തിരുവനന്തപുരം/ചെന്നൈ:
സംസ്ഥാനത്ത് നിപ ആശങ്ക ഒഴിയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനി ബാധിച്ച് നിരീക്ഷണത്തില്‍ കഴിഞ്ഞ രണ്ടാമത്തെ രോഗിക്കും നിപ ബാധയില്ലെന്ന് റിപ്പോര്‍ട്ട്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധയില്ലെന്ന് കണ്ടെത്തിയത്. എറണാകുളത്ത് നിന്നും പനി ബാധിച്ചെത്തിയ കല്ലിയൂര്‍ സ്വദേശിയായ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കരുതല്‍ നടപടികളുടെ ഭാഗമായി നിരീക്ഷണത്തിലാക്കുകയായിരുന്നു. ഇയാള്‍ക്കാണ് നിപ ബാധയില്ലെന്ന് കണ്ടെത്തിയത്. പനി ബാധിച്ച് നിരീക്ഷണത്തില്‍ കഴിയുന്ന 18 കാരനായ മറ്റൊരു വിദ്യാര്‍ത്ഥിക്കും രോഗമില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട്ട് നിന്നും പനി ബാധിച്ച് ചികിത്സയ്ക്ക് എത്തിയ രോഗിക്കും നിപ ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു.
നിപ ഭീഷണിയില്‍ തമിഴ്‌നാട്ടിലും ജാഗ്രതാ നിര്‍ദേശം. കേരളാ അതിര്‍ത്തികളില്‍ തമിഴ്‌നാട് മെഡിക്കല്‍ സംഘത്തിന്റെ പരിശോധന തുടരുകയാണ്. തമിഴ്‌നാട് സര്‍ക്കാര്‍ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചു. വാഹനങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന തുടരും. കൃത്യമായ ബോധവത്കരണമാണ് ലക്ഷ്യമിടുന്നതെന്നു തമിഴ്‌നാട് ഡെപ്യൂട്ടി ആരോഗ്യ സെക്രട്ടറി ആര്‍ ലക്ഷ്മി പറഞ്ഞു. നിപ ഭീതി ഒഴിയുന്നവെങ്കിലും മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് കേരള അതിര്‍ത്തികളില്‍ മെഡിക്കല്‍ സംഘത്തിന്റെ പരിശോധന നടത്തുന്നത്. കേരളത്തില്‍ നിന്നെത്തുന്ന വാഹനങ്ങളിലെ യാത്രക്കാരെ പ്രത്യേക സംഘം നിരീക്ഷിക്കുന്നുണ്ട്. പനിയുടെ ലക്ഷണങ്ങള്‍ ളള്ളവരെ കൂടുതല്‍ പരിശോധന നടത്തുന്നുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരും.