Wed. Jan 22nd, 2025
#ദിനസരികള്‍ 782

ചില പദങ്ങള്‍ നമുക്ക് തെറിയാണ്. എന്നാല്‍ തത്തുല്യമായ ഉദ്ദേശത്തോടെ ഉപയോഗിക്കുന്ന ലിംഗം, യോനി എന്നൊക്കെയുള്ളവ നമുക്ക് സംസ്കാര സമ്പന്നമായ പ്രയോഗങ്ങളുമാണ്. വ്യത്യസ്ത പദങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് ഒന്നു തന്നെയാണെങ്കിലും നാം അതിന് രണ്ടായി പരിഗണിച്ചു രണ്ടു തരത്തിലുള്ള സാംസ്കാരിക പരിപ്രേക്ഷ്യങ്ങളെ ചാര്‍ത്തിക്കൊടുക്കുന്നു. അതോടെ ഒരു കൂട്ടം അവിശുദ്ധവും അനാഗരികവും അസംസ്കാരികവുമായി മാറുന്നു, മറ്റേതാകട്ടെ ഇതിന്റെയൊക്കെ എതിര്‍ ധ്രുവത്തിലേക്ക് ചെന്നു നില്ക്കുകയും ചെയ്യുന്നു.

The Emerging Mind ല്‍ ഡോ. വി. എസ്. രാമചന്ദ്രന്‍ ചോള രീതിയിലുള്ള പാര്‍വ്വതിയുടെ ശില്പം കണ്ട വിക്ടോറിയന്‍ കാല മൂല്യബോധങ്ങള്‍ പേറുന്ന ഇംഗ്ലീഷുകാരനെക്കുറിച്ച് പറയുന്നുണ്ട്. അയാളുടെ സങ്കല്പമനുസരിച്ച് വലിയ മുലകള്‍ അശ്ലീലമാണ്. വലിയ തുടകളും ഇടുങ്ങിയ അരക്കെട്ടും ഒട്ടും രാമണീയകമല്ല. (They complained that the breasts were too big, the hips were too big and the waist was too narrow. It didn’t look anything like a real woman – it wasn’t realistic – it was primitive art എന്നാണ് പ്രൊഫസര്‍ എഴുതുന്നത്.) ചോള മാതൃകയിലുള്ള ശില്പരീതി ഈ ഇംഗ്ലീഷുകാരനെ ആകെപ്പാടെ പ്രാകൃതമായ എന്തോ ഒന്നിനെയാണ് ഓര്‍മിപ്പിക്കുന്നത്. ഉദാത്തമായ ഒന്നിനേയും അതു തൊട്ടുണര്‍ത്തുന്നില്ല. ഫലത്തില്‍ നാം കൈകൂപ്പി വണങ്ങുന്ന പാര്‍വ്വതിയെ പത്തൊമ്പതാം നൂറ്റാണ്ടിലെ ചിന്തകളെ പേറുന്ന ഒരാള്‍ ഒരിക്കലും പുറത്തു കാണിക്കാന്‍ പാടില്ലാത്ത തെറിയായിട്ടാണ് കാണുന്നത്.

പാര്‍വ്വതി ദേവിയുടെ മനോഹരമായ പ്രതിമ അശ്ലീലവും പ്രാകൃതവുമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ നാം, ഇന്ത്യക്കാര്‍ അത് വകവെച്ചു കൊടുക്കുമോ? ഇല്ല എന്നാണ് ഞാന്‍ കരുതുന്നത്. എന്നു മാത്രവുമല്ല, അത്തരത്തിലുള്ള സൌന്ദര്യ സങ്കല്പങ്ങള്‍ പേറുന്ന ഒരുവനെ നാം ചിലപ്പോള്‍ അപരിഷ്കൃതനെന്ന് ആക്ഷേപിച്ചുവെന്നുമിരിക്കും.

ശരി, തെറിയിലേക്ക് തിരിച്ചു വരിക.

ഇപ്പോള്‍ നാം തെറിയാണെന്ന് കരുതുന്ന ഒട്ടു മിക്ക പദങ്ങളും എടുക്കുക. അതൊക്കെയും ഇന്നാട്ടിലെ സാധാരണക്കാരില്‍ സാധാരണക്കാരായ അവര്‍ണരായ ജാതീയമായി താഴെത്തട്ടില്‍ പുലര്‍ന്നു പോന്നിരുന്ന ആളുകള്‍ ഒരു കാലത്ത് അവരുടെ ശരീര ഭാഗങ്ങളെ സൂചിപ്പിക്കുവാനായി ഉപയോഗിച്ചു പോന്നവയായിരുന്നു. അതും ജാതികളുടെ ശ്രേണിബദ്ധമായ നിലകള്‍ സജീവമായിരുന്ന ഒരു സമൂഹത്തില്‍ ഉയര്‍ന്ന ജാതിയില്‍ പെട്ടവരുടെ പ്രയോഗങ്ങളെല്ലാം തന്നെ സാംസ്കാരികമായ ഔന്നത്യം പുലര്‍ത്തുന്നതും അല്ലാത്തവ പ്രാകൃതങ്ങളുമായിരുന്നു. വിക്ടോറിയന്‍ സദാചാരത്തിന് പാര്‍വ്വതി അശ്ലീലമായതുപോലെ സവര്‍ണ സൌന്ദര്യ സങ്കല്പങ്ങള്‍ക്ക് കീഴ്ജാതിക്കാരുടെ പ്രയോഗങ്ങളെല്ലാം തന്നെ വെറുപ്പുളവാക്കുന്നതും അശ്ലീലവുമായി.

മേഢ്രം , മേഹനം, ശിശ്നം , ശേഫസ്, ലിംഗം എന്നെല്ലാം പറയുന്നത് ഉന്നതമായ മൂല്യബോധങ്ങളെ പ്രസരിപ്പിക്കുന്നതാണെന്ന് നാം പഠിച്ചു വെച്ചു. ബാക്കിയുള്ളതെല്ലാം കീഴാളമാണെന്നും അതുകൊണ്ടുതന്നെ അശ്ലീലമാണെന്നും നാം കൂട്ടിച്ചേര്‍ത്തു. അതിനോട് ഐക്യപ്പെട്ട നാം അറിഞ്ഞോ അറിയാതെയോ ജാതീയവും സവര്‍ണവുമായ വേര്‍‌തിരിവുകളെ അംഗീകരിക്കുകതന്നെയായിരുന്നു. അത്തരം പദങ്ങളെ തെറിയായി തുപ്പുമ്പോള്‍ നാം അനുഭവിച്ച ആനന്ദം, മാറു മറയ്ക്കാതെ പാടത്തു തേവുന്ന അടിയാത്തിക്കുട്ടിയെ കാണുമ്പോള്‍ ജാതി മാടമ്പിമാര്‍ക്കു തോന്നുന്ന അതേ ആനന്ദം തന്നെയാണ്.

അതുകൊണ്ട് നമ്മുടെ തെറികളെല്ലാം തിരുത്തി എഴുതപ്പെടണം.

ഒരു കുടം താറുമായ്‌, ഒരു കുറ്റിച്ചൂലുമായ്‌
ഉണരും വെറുപ്പിന്റെ ശീലുമായി
ഓടയിലോടുമഴുക്കിന്റെ ചാലിൽ നി-
ന്നീ മണിമേട ഞാൻ താറടിക്കും.
നഗ്നചിത്രങ്ങൾ കരിയിലെഴുതിയീ
മുഗ്‌ധഭാവങ്ങളെ മായ്ച്ചുവെക്കും
വർണപ്പകിട്ടുകൾ കണ്ണാടിയിട്ടൊരീ
ചില്ലുശിൽപങ്ങൾ ഞാൻ തച്ചുടയ്ക്കും
നിങ്ങടെ കൽപ്പകത്തോപ്പിലെ വീഥിയിൽ
എങ്ങും ഞെരിഞ്ഞിലിൻ മുള്ളുപാകും.
കണ്ടാലറയ്ക്കുന്ന കണ്ണിൽ തറയ്ക്കുന്ന
വേണ്ടാതനങ്ങൾ വരച്ചു വെയ്ക്കും
തെറിയുടെ ചീളുകൾ തെന്നിച്ചു നിങ്ങടെ
നെറിയുടെ കൂറ വലിച്ചഴിക്കും.
കർപ്പൂരദീപം പൊലിക്കുമെൻ നിശ്വാസം
കുങ്കുമച്ചെപ്പിൽ ചെളിനിറയ്ക്കും
ചന്ദനക്കാട്ടിലെ താമരപ്പൊയ്കയിൽ
കൽമഷം തൂകി കരികലക്കും
വെൺകളി പൂശിയ വെണ്മുകിൽ ഭിത്തിമേല്‍
കാർ മഷി കൊണ്ടു കളം വരയ്ക്കും
അക്കളം പുക്കു ഞാൻ അത്തലിൻ വേതാള-
നൃത്തം ചവിട്ടിയലറി നിൽക്കും.
ആവില്ല നിങ്ങൾക്കടക്കുവാനെന്റെയീ
ഭാവങ്ങളീ മന്നിൻ ഭാവമത്രേ – എന്നെഴുതിയ കടമ്മനിട്ടക്ക് നന്ദി പറയുക.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.

Leave a Reply

Your email address will not be published. Required fields are marked *