എറണാകുളം:
പാലാരിവട്ടം മേല്‍പാലത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ചെയ്യുന്നതൊന്നും ശാശ്വത പരിഹാരമല്ലെന്ന് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍. മാറ്റിപ്പണിയുന്നതു മാത്രമാണ് ഉചിത മാര്‍ഗം. ഗര്‍ഡറുകളെല്ലാം മാറ്റണം. പുതിയവ ഉപയോഗിക്കണം. ഇളക്കം തട്ടിയ ഗര്‍ഡറുകള്‍ വീണ്ടും യോജിപ്പിക്കുന്നത് നല്ലതല്ല. പാലങ്ങള്‍ക്ക് 100 വര്‍ഷത്തിനു മീതെ ആയുസ്സ് വേണ്ടതാണ്. പൊടിക്കൈകള്‍ കൊണ്ടു പാലം നിലനിര്‍ത്തുന്നതു ശരിയല്ലെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.
പാലത്തിന്റെ ഡിസൈന്‍ തന്നെ തെറ്റാണ്. ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഇവിടെ വേണ്ടവിധം ഉണ്ടായോയെന്നു സംശയമുണ്ട്. ഗര്‍ഡറുകള്‍ കൂട്ടിയിണക്കാന്‍ ആവശ്യത്തിനു ഡയഫ്രം ഉപയോഗിക്കാത്തതാണു വാഹനം പോകുമ്‌ബോള്‍ പാലം ഇളകുന്നതിനുള്ള മുഖ്യകാരണം.
പാലാരിവട്ടം പാലത്തില്‍ ആവശ്യത്തിനു ‘മിഡില്‍ ഡയഫ്രം’ ഉപയോഗിച്ചിട്ടില്ലെന്നാണു തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാതയിലുള്ള പാലങ്ങള്‍ സംസ്ഥാനം ഏറ്റെടുത്തു ചെയ്യേണ്ടതുണ്ടോ എന്നു പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.