ടോക്കിയോ:
വികസിത നഗരമായ ടോക്കിയോയിൽ സ്ത്രീകൾക്ക് ജോലി ചെയ്യുവാൻ ഹൈ ഹീലുകൾ ധരിച്ചുവരണമെന്നത് നിർബ്ബന്ധമാണ്. എന്നാൽ, പുരുഷന്മാർക്ക് അത്തരത്തിൽ യാതൊരു നിബന്ധനകളും ഇല്ല താനും. ഈ വിവേചനത്തെ പ്രതിരോധിക്കാനായി ജപ്പാനിൽ സ്ത്രീകൾ കുട്ടൂ (#kutoo) മൂവ്മെന്റുമായി ഓൺലൈനിൽ രംഗത്തെത്തി. ഓൺലൈൻ തുറന്നെഴുത്തുകളിലൂടെ ശ്രദ്ധ നേടിയ ഇവർ ഇപ്പോൾ, പരാതിയുമായി ജപ്പാൻ ഗവൺമെന്റിനെ സമീപിച്ചിരിക്കുകയാണ്. എഴുത്തുകാരിയും നടിയുമായ യൂമി ഇഷികാവയാണ് ഇതിന് നേതൃത്വം നൽകുന്നത്. ജാപ്പനീസ് ഭാഷയിൽ ഷൂ എന്നർത്ഥം വരുന്ന kutsu എന്ന വാക്കിൽ നിന്നും, വേദന എന്നർത്ഥം വരുന്ന kutsuu എന്ന വാക്കിൽ നിന്നുമാണ് kutoo എന്ന വാക്കിന്റെ ഉറവിടം.
തൊഴിൽ മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ഇഷികാവ, നിർബന്ധമായും ഹൈ ഹീൽചെരുപ്പുകൾ ധരിക്കേണ്ടുന്നതിനെതിരെയുള്ള നിയമ നിർമ്മാണത്തിനു വേണ്ടിയുള്ള പരാതി നൽകിയെന്നും വ്യക്തമാക്കി. “സ്ത്രീകൾ ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു എന്നറിഞ്ഞതിൽ ഞെട്ടലുണ്ട്. ആദ്യമായാണ് ഇത്തരമൊരു പരാതി ഗവൺമെന്റിന്റെ മുന്നിലെത്തുന്നത്,” തൊഴിൽ മന്ത്രാലയത്തിന്റെ പ്രതിനിധി പറഞ്ഞു.
ഈ നേട്ടം കുട്ടൂ മൂവ്മെന്റിന്റെ വിജയത്തിലേക്കുള്ള തുടക്കമാണ് എന്നും ഇഷികാവ കൂട്ടിച്ചേർത്തു. ജപ്പാനിൽ നിലനിൽക്കുന്ന പുരുഷ കേന്ദ്രീകൃത വ്യവസ്ഥയുടെ പ്രശ്നമാണ് ഇതെന്നും ഈ വ്യവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടായാൽ മാത്രമേ പുരോഗതി കൈവരിക്കാൻ സാധിക്കൂ എന്നും വിദഗ്ദ്ധർ വിലയിരുത്തി. ഹോട്ടൽ ജോലിക്കു വേണ്ടി പോലും സ്ത്രീകൾ ഹൈ ഹീൽചെരുപ്പുകൾ ധരിക്കേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ഇഷികാവ പോസ്റ്റ് ചെയ്ത ട്വീറ്റിലൂടെയാണ് ഇത്തരമൊരു അനീതിയെക്കുറിച്ച് ലോകം അറിയുന്നത്.
ഇതിനു ശേഷം #kutoo എന്ന ഹാഷ് ടാഗിൽ പുറത്തു വന്നിരിക്കുന്ന അനുഭവക്കുറിപ്പുകളിൽ പലതും ഇത്തരമൊരു വിവേചന പരമായ സാമൂഹിക വ്യവസ്ഥിതിക്കെതിരെയുള്ള രോഷം പ്രകടമായി കാണിക്കുന്നതാണ്. ഹൈ ഹീലുകൾ മാത്രമല്ല, കാൽ പാദത്തിന് ആകാരവടിവുണ്ടാവാൻ മുറുകെ കെട്ടുന്ന പ്രത്യേക ഷേപ്പിലുള്ള ഷൂവിനെയും വിമർശിച്ചു കൊണ്ട് ആളുകൾ രംഗത്തെത്തി.
2016 ൽ നികോള തോർപ് എന്ന യുവതിയെ ഫ്ലാറ്റ് ആയ ഷൂ ധരിച്ച് എന്ന കാരണത്താൽ ജോലിയിൽ നിന്നും പുറത്താക്കിയതിൽ പ്രതിഷേധിച്ച് ലണ്ടനിൽ ഒന്നര ലക്ഷത്തിലധികം പേർ ഒപ്പിട്ട നിവേദനം സർക്കാരിനു സമർപ്പിച്ചിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. എന്നാൽ, ഇതിൽ നിയമ നിർമ്മാണം ഉണ്ടായില്ല. പിന്നീട് ലോകത്തിന്റെ പല ഭാഗത്തുനിന്നും സ്ത്രീകളുടെ വസ്ത്ര ധാരണരീതിക്ക് നേരെ ഉണ്ടായ നിയന്ത്രണത്തിന് മേൽ നിയമ നിർമ്മാണം ഉണ്ടായിട്ടുണ്ട്. ജപ്പാനിലും സമാന രീതിയിൽ മാറ്റങ്ങളുണ്ടായാൽ പുരുഷാധിപത്യ വ്യവസ്ഥിതിക്ക് ഏൽക്കുന്ന വൻ തിരിച്ചടിയായി വിലയിരുത്താം.
.