തിരുവനന്തപുരം:
മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി. ഡാനിയേല്‍ പുരസ്കാരം പ്രശസ്ത നടി ഷീലയ്ക്ക്. 2018 ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരത്തിന് പ്രശസ്ത നടി ഷീലയെ തിരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി എ. കെ. ബാലന്‍ അറിയിച്ചു. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം. ജൂലൈ 27 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
2016 ല്‍ അടൂര്‍ ഗോപാലകൃഷ്ണനും 2017 ല്‍ ശ്രീകുമാരന്‍ തമ്പിക്കുമാണ് ജെ.സി. ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചത്. 2005 ല്‍ പുരസ്‌കാരം ലഭിച്ച ആറന്മുള പൊന്നമ്മയാണ് ഇതിനു മുമ്പ് ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നേടിയ വനിത.
1962 ല്‍ പി. ഭാസ്‌കരന്‍ സംവിധാനം ചെയ്ത ‘ഭാഗ്യജാതക’ത്തിലൂടെയാണ്, ഷീല മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. മികച്ച നടിക്കുള്ള കേരള സര്‍ക്കാരിന്റെ ആദ്യപുരസ്‌കാരം നേടിയത് ഷീലയാണ്.