Sun. Dec 22nd, 2024
തിരുവനന്തപുരം:

 

കെ.എസ്.ആർ.ടി.സി. കഴിഞ്ഞ മാസത്തിൽ ഉയർന്ന വരുമാനം നേടി. 200.91 കോടി രൂപയാണ് മെയ് മാസത്തിലെ വരുമാനം.

ബസ്സിന്റെ റൂട്ടുകളിൽ നടത്തിയ ശാസ്ത്രീയ പുനഃക്രമീകരണം, പുതിയ ചെയിൻ സർവീസുകളുടെ ആരംഭം എന്നിവയാണ് വരുമാനം വർദ്ധിക്കാനുള്ള പ്രധാന കാരണം. വരുമാന വര്‍ദ്ധനവിനു സഹായിച്ച എല്ലാവരോടും നന്ദിയറിയിക്കുന്നതായി കെ.എസ്.ആർ.ടി.സി. ചെയര്‍മാന്‍ എം.പി. ദിനേശ്, ഐ.പി.എസ്. പറഞ്ഞു.

വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്‌ മൂന്നു മേഖലകള്‍ക്കും കളക്ഷന്‍ സംബന്ധിച്ച ലക്ഷ്യം നല്‍കി. അതു പരിശോധിക്കാനായി ഇൻസ്പെക്ടർമാരെ വിവിധ സ്ഥലങ്ങളില്‍ പോയിന്റ് ഡ്യൂട്ടിക്കായി നിയോഗിച്ചു.

സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ ചെയിന്‍ സര്‍വീസുകളായി 15 മിനിട്ട് ഇടവേളകളില്‍ തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയും തിരിച്ചും നടപ്പിലാക്കി. അതില്‍ റിസര്‍വേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തു. ഈ ക്രമീകരണങ്ങൾ വരുമാനത്തില്‍ നേട്ടമുണ്ടാക്കാന്‍ സഹായകമായി.

പുതിയ ലിമിറ്റഡ് സ്റ്റോപ്പ് ചെയിന്‍ സര്‍വീസുകള്‍ അടക്കം മറ്റ് ഓർഡിനറി ചെയിന്‍ സര്‍വീസുകള്‍ കേരളത്തിലുടനീളം നടപ്പിലാക്കുന്നതിനുള്ള ക്രമീകരണം, കെ.എസ്.ആർ.ടി.സി. നടത്തുന്നു. 176 ചെയിന്‍ സര്‍വീസുകള്‍ ഇപ്പോള്‍ നടത്തുന്നുണ്ട്‌.

ഓരോ കിലോമീറ്ററിനും ലഭിക്കുന്ന വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം തന്നെ ഓരോ ലിറ്റര്‍ ഡീസലിനും ലഭിക്കുന്ന വരുമാനം ഉയര്‍ത്തി ചെലവ് കുറയ്ക്കുവാനുള്ള പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *