Sun. Dec 22nd, 2024
വരാണസി:

അതിര്‍ത്തിയിലെ സൈനികര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നുവെന്ന കാര്യം ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പങ്കുവെച്ചതിന്റെ പേരില്‍ ബിഎസ്‌എഫില്‍ നിന്നും പുറത്താക്കിയ ജവാന്‍ വരാണാസിയില്‍ മോദിക്കെതിരെ മത്സരിക്കും. ഹരിയാന സ്വദേശിയായ തേജ് ബഹദൂര്‍ യാദവാണ് പ്രധാനമന്ത്രിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നിരവധി പാര്‍ട്ടികള്‍ തന്നെ സമീപിച്ചെങ്കിലും താന്‍ സ്വതന്ത്രമായി ആണ് മത്സരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ജയിക്കുകയോ തോല്‍ക്കുകയോ എന്നതല്ല ലക്ഷ്യമെന്നും സൈനിക വിഭാഗങ്ങളെ നരേന്ദ്രമോദി സര്‍ക്കാര്‍ എങ്ങനെ തകര്‍ത്തുവെന്ന് തെളിയിക്കാനുള്ള ശ്രമം ആണെന്നും അദ്ദേഹം പറഞ്ഞു. ജവാന്മാരുടെ പേരിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് ചോദിക്കുന്നത്. എന്നാല്‍, അവര്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നുള്ളതാണ് സത്യമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിര്‍ത്തി കാക്കുന്ന ജവാന്മാര്‍ക്ക് നിലവാരം കുറഞ്ഞ ഭക്ഷണമാണ് ലഭിക്കുന്നതെന്ന് സമൂഹമാധ്യമങ്ങളില്‍ കൂടി ഇദ്ദേഹം പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സേനയില്‍ നിന്ന് പുറത്താക്കിയത്. 2017 ജനുവരിയിലാണ് ഫെയ്‌സ്ബുക്ക് വഴി ഭക്ഷണത്തിന്റെ നിലവാരത്തെപ്പറ്റി പരാതിപ്പെട്ടത്. മാത്രമല്ല ഉയര്‍ന്ന ബ്എസ്എഫ് സൈനികോദ്യോഗസ്ഥര്‍ ജവാന്മാര്‍ക്കായി നല്‍കാന്‍ എത്തിക്കുന്ന ഭക്ഷ സാമഗ്രികള്‍ അനധികൃതമായി മറിച്ചു വില്‍ക്കുന്നുണ്ടെന്നും ഇദ്ദേഹം ആരോപിച്ചിരുന്നു. സംഭവം വിവാദമായെങ്കിലും ആരോപണങ്ങള്‍ ബിഎസ്എഫ് നിഷേധിച്ച് നിലപാടെടുത്തു. തുടര്‍ന്ന് മൂന്നുമാസങ്ങള്‍ നീണ്ട കോര്‍ട്ട് മാര്‍ഷല്‍ നടപടിക്രമങ്ങള്‍ക്ക് ശേഷം തേജ് ബഹാദുറിനെ പുറത്താക്കി.

വരാണസിയില്‍ നിന്നും ജനവിധി തേടുന്ന നരേന്ദ്രമോദിക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കി തമിഴ്നാട്ടില്‍ നിന്നുള്ള 111 കര്‍ഷകര്‍ വരാണസിയില്‍ മത്സരിക്കാന്‍ നോമിനേഷന്‍ നല്‍കുമെന്ന് തമിഴ്നാട് കര്‍ഷക നേതാവ് പി. അയ്യാക്കണ്ണ് നേരത്തെ അറിയിച്ചിരുന്നു. കര്‍ഷകരോഷം ഡല്‍ഹിയിലെ പ്രക്ഷോഭത്തിലേക്ക് വരെയെത്തിച്ച സാഹചര്യത്തില്‍ ഇന്ത്യയൊട്ടാകെയുള്ള കര്‍ഷകരുടെ പ്രതിഷേധമായാണ് തമിഴ്നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ വരാണസിയില്‍ മത്സരിക്കാന്‍ തയ്യാറാകുന്നത്. ഇതിന് പിന്നാലെയാണ് ബിഎസ്‌എഫില്‍ നിന്നും പുറത്താക്കിയ ജവാന്‍ വരാണാസിയില്‍ മോദിക്കെതിരെ മത്സരിക്കുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *