ന്യൂഡല്‍ഹി:
ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണ വിജയം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് ചട്ട ലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മോദിയുടെ പ്രസംഗം പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച സമിതിയുടേതാണ് കണ്ടെത്തല്‍. മിസൈല്‍ പരീക്ഷണ വിജയം പ്രധാനമന്ത്രി സര്‍ക്കാറിന്‍റെ നേട്ടമായി അവതരിപ്പിച്ചിട്ടില്ലെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലയിരുത്തല്‍. ദൂരദര്‍ശനെയോ ആള്‍ ഇന്ത്യ റേഡിയോയെയോ പ്രധാനമന്ത്രി ദുരുപയോഗം ചെയ്തിട്ടില്ലെന്നും സമിതി കണ്ടെത്തി. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ കഴിയുന്ന വിധത്തിലുള്ള പരാമര്‍ശങ്ങള്‍ പ്രധാനമന്ത്രി നടത്തിയിട്ടില്ലെന്നും കമ്മീഷന്‍ കണ്ടെത്തി.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് നിര്‍ണായ വിവരം രാജ്യത്തെ അറിയിക്കാനായി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന ട്വീറ്ററിലൂടെ അറിയിച്ചത്. ഇതിന് പിന്നാലെ മിഷന്‍ ശക്തിയെന്ന് പേരിട്ട പദ്ധതി വിജയകരമായി പരീക്ഷിച്ചുവെന്ന് പ്രധാനമന്ത്രി രാജ്യത്തെ അറിയിക്കുകയായിരുന്നു. ഇതോടെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാരോപിച്ച് മമതാ ബാനര്‍ജിയും സീതാറാം യെച്ചൂരിയും ഉള്‍പ്പടേയുള്ളവര്‍ രംഗത്ത് എത്തുകയായിരുന്നു. സാധാരണ ഗതിയില്‍ ഡിആര്‍ഡിഒ നടത്തേണ്ട പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത് ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.