മലപ്പുറം:
ലോക്‌സഭ തിരഞ്ഞെടുപ്പിനായി പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലെ മുസ്ലീം ലീഗ് സ്ഥാനാർത്ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വെള്ളിയാഴ്ച രാവിലെ 11.15ഓടെയാണ് സ്ഥാനാർത്ഥികളായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറും വരണാധികാരിയായ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് പത്രിക നല്‍കിയത്. രാവിലെ പാണക്കാട് തറവാട്ടിലെത്തിയ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും പ്രാര്‍ഥന നടത്തിയശേഷമാണ് കളക്ടറേറ്റിലേക്ക് പുറപ്പെട്ടത്. ശേഷം മലപ്പുറം ഡി.സി.സി. ഓഫീസിലും സ്ഥാനാര്‍ഥികള്‍ സന്ദര്‍ശനം നടത്തി. പി.കെ. കുഞ്ഞാലിക്കുട്ടിക്കൊപ്പം ഡമ്മി സ്ഥാനാർത്ഥിയായി യു.എ. ലത്തീഫും പത്രിക നല്‍കി. അഷ്‌റഫ് കോക്കൂരാണ് ഇ.ടി.മുഹമ്മദ് ബഷീറിന്റെ ഡമ്മി സ്ഥാനാർത്ഥി.
മലപ്പുറം ലോക്‌സഭ മണ്ഡലത്തിലെ സിറ്റിങ് എം.പി.യായ പി.കെ. കുഞ്ഞാലിക്കുട്ടി ഇത് രണ്ടാംതവണയാണ് മത്സരിക്കുന്നത്. എസ്.എഫ്.ഐ. അഖിലേന്ത്യ പ്രസിഡന്റ് വി.പി.സാനുവാണ് മലപ്പുറത്തെ ഇടതുസ്ഥാനാർത്ഥി. എന്‍.ഡി.എ. സ്ഥാനാർത്ഥിയായി വി.ഉണ്ണികൃഷ്ണന്‍ മാസ്റ്ററും മത്സരിക്കും. രണ്ടുതവണ പൊന്നാനിയെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തിയ ഇ.ടി.മുഹമ്മദ് ബഷീര്‍ ഹാട്രിക് വിജയം തേടിയാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. എല്‍.ഡി.എഫ്. സ്വതന്ത്രനായ പി.വി.അന്‍വറാണ് എതിര്‍സ്ഥാനാർത്ഥി. എന്‍.ഡി.എ. സ്ഥാനാർത്ഥിയായി വി.ടി.രമയും എസ്.ഡി.പി.ഐ. സ്ഥാനാർത്ഥിയായി കെ.സി. നസീറും പി.ഡി.പി. സ്ഥാനാർത്ഥിയായി പൂന്തുറ സിറാജും പൊന്നാനിയില്‍ മത്സരിക്കും.
ലോക്സഭാ തിരഞ്ഞെടുപ്പു വിജ്ഞാപനം വന്ന ആദ്യദിനം എട്ടുപേരാണ് സംസ്ഥാനത്ത് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. ഇടുക്കിയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി ജോയ്സ് ജോര്‍ജാണ് ആദ്യദിനം പത്രിക സമര്‍പ്പിച്ചവരിലെ പ്രമുഖന്‍. തിരുവനന്തപുരം, കണ്ണൂര്‍ മണ്ഡലങ്ങളിലെ എസ്.യു.സി.ഐ സ്ഥാനാർത്ഥികളും പത്രിക സമര്‍പ്പിച്ചു. കോട്ടയം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടനും തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനും പത്തനംതിട്ട മണ്ഡലത്തില ഇടത് മുന്നണി സ്ഥാനാർത്ഥി വീണാ ജോര്‍ജും ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
ഏപ്രില്‍ നാല് വരെയാണ് പത്രികകള്‍ സ്വീകരിക്കുക. പൊതു അവധി ദിവസങ്ങളിലൊഴികെ രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെ പത്രിക സമർപ്പിക്കാം. അഞ്ചിനാണ് സൂക്ഷ്മ പരിശോധന. എട്ട് വരെ പത്രിക പിൻവലിക്കാം. അന്ന് അന്തിമ പോരാട്ട ചിത്രം വ്യക്തമാകും. കേരളത്തിൽ ഏപ്രിൽ 23 ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞ് സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിക്കും. ഏപ്രിൽ 21ന് പ്രചാരണം അവസാനിക്കും. 22ന് പോളിങ് സാമഗ്രികളുടെ വിതരണം.
സംസ്ഥാനത്ത് 24970 പോളിങ് ബൂത്തുകളാണ് ഉണ്ടാകുക. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 269 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. 26 രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാർത്ഥികളും സ്വതന്ത്രരും ഉള്‍പ്പെടുന്ന കണക്കാണിത്. 27 വനിതകളായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.