ബാംഗ്ലൂർ:
ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെ 6 റൺസിനു തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ് ഐ.പി.എല്ലിന്റെ ഈ സീസണിലെ ആദ്യ വിജയം കരസ്ഥമാക്കി. മുംബൈ 8 വിക്കറ്റിന് 187 റൺസെടുത്തപ്പോൾ ബാംഗ്ലൂർ 20 ഓവറിൽ 5 വിക്കറ്റിന് 181 റൺസിന് തോൽവി സമ്മതിച്ചു. ഡിവില്ലിയേഴ്സ് 41 പന്തിൽ പുറത്താകാതെ നേടിയ 71 റൺസും ബാംഗ്ലൂരിന് തുണയായില്ല.
വിജയിക്കാൻ, അവസാന ഓവറിൽ 17 റൺസാണ് ബാംഗ്ലൂരിനു വേണ്ടിയിരുന്നത്. മലിംഗയുടെ ആദ്യ പന്തിൽ സിക്സർ അടിച്ച ശിവം ദുബെ (9 നോട്ടൗട്ട്) ബാംഗ്ലൂരിനു പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് ബൗണ്ടറികൾ നേടാൻ ദുബെ– ഡിവില്ലിയേഴ്സ് സഖ്യത്തിനു കഴിയാതെ പോയി.
19–ാം ഓവറിൽ 5 റൺസ് മാത്രം വഴങ്ങി ഓൾറൗണ്ടർ ഡി ഗ്രൻഡ്ഹോമിനെ (2) പുറത്താക്കിയ ജസ്പ്രീത് ബുമ്രയുടെ പ്രകടന മികവാണ് കളിയിൽ വഴിത്തിരിവായത്.
ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഐ.പി.എല്ലിൽ 5000 റൺസ് പിന്നിടുന്ന രണ്ടാമത്തെ താരം എന്ന റെക്കോർഡ് നേടി. ചെന്നൈയുടെ സുരേഷ് റെയ്നയാണ് ഒന്നാം സ്ഥാനത്ത്.