ജയ്പുര്‍:
ഐ.പി.എല്ലിലെ മാങ്കഡിങ് വിവാദത്തില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റൻ രാഹുല്‍ ദ്രാവിഡ്. ക്രിക്കറ്റിൽ നിയമപ്രകാരം മാങ്കഡിങ് അനുവദനീയമാണെന്നും എന്നാല്‍ അതിനു മുന്‍പ് മുന്നറിയിപ്പ് നല്‍കാമെന്നും ദ്രാവിഡ് അഭിപ്രായപ്പെട്ടു.
നിയമത്തിലുള്ളതിനാൽ തന്നെ മാങ്കഡിങ് ആരെങ്കിലും ചെയ്യാന്‍ തീരുമാനിച്ചാല്‍ തനിക്കൊന്നും പറയാനില്ല. അശ്വിന്‍ ചെയ്തതും നിയമത്തിനുള്ളില്‍ നിന്ന് കൊണ്ടുതന്നെയാണെന്നും, എന്നാല്‍ വ്യക്തിപരമായി പറഞ്ഞാല്‍ മങ്കാദിങ് ചെയ്യുന്നതിന് മുന്‍പ് താനാണെങ്കിൽ മുന്നറിയിപ്പ് കൊടുക്കുമെന്നും, ഈ അഭിപ്രായത്തിന് വിരുദ്ധമായി ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ തനിക്ക് പ്രശ്‌നമില്ലെന്നും, മുന്നറിയിപ്പ് നല്‍കാതെയുള്ള ഇത്തരം പുറത്താക്കലുകളോട് യോജിക്കാനാവില്ലന്നും ദ്രാവിഡ് വ്യക്തമാക്കി
തിങ്കളാഴ്ച നടന്ന പഞ്ചാബ് – രാജസ്ഥാന്‍ മത്സരത്തിനിടെ പഞ്ചാബ് ക്യാപ്റ്റന്‍ അശ്വിന്‍ രാജസ്ഥാന്‍ താരം ജോസ് ബട്ട്‌ലറെ മാങ്കഡിങ്ങിലൂടെ പുറത്താക്കിയത് ഏറെ വിവാദമായിരുന്നു. നോൺ സ്‌ട്രൈക്കിങ് അറ്റത്തുള്ള ബാറ്റ്സ്മാൻ ഗ്രീസിന് വെളിയിലാണെങ്കിൽ പന്ത് എറിയുന്നതിന് മുന്നേ ബൗളർ റൺഔട്ടാക്കുന്ന പ്രക്രിയയാണ് മാങ്കഡിങ്. 1947 ൽ മുൻ ഇന്ത്യൻ ക്രിക്കറ്റർ വിനു മാങ്കഡ്, ഓസ്ട്രേലിയയുടെ കളിക്കാരനായ ബിൽ ബ്രൌണിനെ പുറത്താക്കിയത് ഇങ്ങനെയാണ്. ആ സമയത്താണ് ഇത്തരം കളിക്ക് മാങ്കഡിങ് എന്ന പേരു വന്നത്.