ലക്നൗ:
സീറ്റുനിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആസ്ഥാനത്തെ ചൗക്കിദാര്‍ക്ക് രാജി കത്ത് നല്‍കി സിറ്റിങ് എംപി അന്‍ഷുല്‍ വര്‍മ. യുപിയിലെ സംവരണ മണ്ഡലമായ ഹര്‍ദോയിലെ ബി.ജെ.പിയുടെ സിറ്റിങ് എംപി അന്‍ഷുല്‍ വര്‍മയാണ് സീറ്റുനിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ലക്നൗവിലെ ബിജെപി ആസ്ഥാനത്തെ ചൗക്കിദാര്‍ക്ക് (കാവല്കാരന്) രാജി കത്ത് നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ചൗക്കിദാര്‍’ പ്രചാരണത്തെ പരിഹസിച്ച അന്‍ഷുല്‍ പിന്നീട് സമാജ് വാദി പാര്‍ട്ടില്‍ ചേര്‍ന്നു. തനിക്കു സീറ്റ് നിഷേധിച്ചതു പേരിനു മുന്‍പില്‍ ചൗക്കിദാര്‍ എന്നു ചേര്‍ക്കാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ വികസനം നടപ്പിലാക്കി. തുടര്‍ന്നും അതു ചെയ്യും. ഞാന്‍ അന്‍ഷുല്‍ ആയി തുടരും, ഏതെങ്കിലുമൊരു ചൗക്കിദാറായി മാറില്ല’ – അദ്ദേഹം പറഞ്ഞു. രണ്ട് തവണ ഇതേ മണ്ഡലത്തില്‍ നിന്ന്‍ പാര്‍ലിന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജയ് പ്രകാശ് റാവത്തിനാണ് ഇത്തവണ ബി.ജെ.പി ടിക്കറ്റ് നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് സിറ്റിങ് എംപി അന്‍ഷുല്‍ വര്‍മ രാജി നല്‍കിയത്. മുന്‍ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിന്‍റെ സാന്നിധ്യത്തിലാണ് അന്‍ഷുല്‍ വര്‍മ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്.