മധുര:
മധുരയില്‍ സ്വതന്ത്രയായി മത്സരിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാർത്ഥി ഭാരതി കണ്ണമ്മ (58) നാമനിര്‍ദേശ പത്രിക നല്‍കി. മീനാക്ഷി ദേവിയുടെ വേഷത്തില്‍ കലക്ടറേറ്റില്‍ എത്തിയാണ് ഭാരതി കണ്ണമ്മ നാമനിര്‍ദേശ പത്രിക നല്‍കിയത്. രാജ്യത്ത് ഉയര്‍ന്നു വരുന്ന വര്‍ഗീയ ധ്രുവീകരണത്തില്‍ പ്രതിഷേധിച്ചാണു ദേവിയുടെ വേഷത്തിലെത്തി പത്രിക നല്‍കിയത്. സാമൂഹിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഭാരതി ഇതു രണ്ടാം തവണയാണു പൊതു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്.
ഭാരതിയുടെ തിരഞ്ഞെടുപ്പു പത്രികയിലും വ്യത്യസ്ഥതയുണ്ട്. താന്‍ അധികാരത്തില്‍ എത്തിയാല്‍ രാജ്യത്ത് സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണു പ്രധാന വാഗ്ദാനം. ഭൂപരിഷ്‌കരണ നിയമത്തിന്റെ മാതൃകയില്‍ വരുമാനത്തിനു പരിധി നിശ്ചയിക്കും. പരിധിയില്‍ അധികമുള്ള വരുമാനം പൊതുഖജനാവിലേക്കു പോകും. അഴിമതി ഇല്ലാതാക്കുന്നതിനും സാമ്പത്തിക അന്തരം ഇല്ലാതാക്കുന്നതിനും ഇതു സഹായിക്കുമെന്നാണു ഭാരതിയുടെ പക്ഷം. വിദ്യാഭ്യാസം, തൊഴിലവസരം എന്നിവ ഉറപ്പാക്കുമെന്നും ഭാരതി പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു.
മുസ്‌ലിം, ക്രിസ്ത്യന്‍ വേഷങ്ങള്‍ ധരിച്ചവരെ ഒപ്പം കൂട്ടിയാണു പത്രിക നല്‍കാനെത്തിയത്. കോളജ് പഠനകാലത്താണ് രാഷ്ട്രീയത്തില്‍ താല്‍പര്യം വന്നതെന്നു ഭാരതി പറയുന്നു. സോക്രട്ടീസിന്റെ രാഷ്ട്രീയ തത്വശാസ്ത്രത്തിലാണു വിശ്വാസം. ജനങ്ങളുടെ മനസ്സില്‍ സ്ഥാനം നേടി രാജ്യത്തു മാറ്റങ്ങള്‍ സൃഷ്ടിക്കുകയാണു ലക്ഷ്യം.