Wed. Jan 22nd, 2025
തിരുവനന്തപുരം:

പി സി ജോര്‍ജിന്‍റെ ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നു. മുന്നണി പ്രവേശനത്തിന്‍റെ ഭാഗമായി ജനപക്ഷം ബി.ജെ.പിയുമായി ചര്‍ച്ചകള്‍ തുടങ്ങി. ഇതിന്‍റെ ഭാഗമായി പി സി ജോര്‍ജ് ബി.ജെ.പി കേന്ദ്രനേതാക്കളുമായി ചര്‍ച്ച നടത്തി. സംസ്ഥാന നേതാക്കളുമായും ജോര്‍ജ് ആശയവിനിമയം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പുതിയ രാഷ്ട്രീയനീക്കത്തില്‍ പ്രതികരിക്കാന്‍ പി സി ജോര്‍ജ് ഇത് വരെ തയ്യാറായിട്ടില്ല. അതേസമയം ബി.ജെ.പി പിന്തുണ തന്നാല്‍ സ്വീകരിക്കുമെന്നും ബി.ജെ.പിയെ മോശം പാര്‍ട്ടിയായി കാണുന്നില്ലെന്നും കഴിഞ്ഞ ദിവസം പി.സി ജോര്‍ജ് പ്രതികരിച്ചിരുന്നു. മുന്നണി പ്രവേശനത്തിന്‍റെ ഭാഗമായാണ് പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ നിന്ന് പി സി ജോര്‍ജ് പിന്മാറിയതെന്നാണ് വിവരം.

പത്തനംതിട്ടയില്‍ കെ സുരേന്ദ്രനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത്. ശബരിമല വിഷയത്തില്‍ ബി.ജെ.പിക്ക് അനുകൂലമായ നിലപാടാണ് പി സി ജോര്‍ജ് സ്വീകരിച്ചിരുന്നത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്‌ പി സി ജോര്‍ജ് കറുപ്പണിഞ്ഞ് നിയമസഭയില്‍ എത്തിയിരുന്നു. ഇതിന് പുറമേ ബി.ജെ.പിയുടെ ഏക എംഎല്‍എയായ ഒ രാജഗോപാലിനൊടൊപ്പം നിയമസഭയില്‍ ഇരുന്ന് എന്‍ഡിഎ മുന്നണിയിലേക്ക് പോകുന്നുവെന്ന പ്രതീതിയും പി സി ജോര്‍ജ് സൃഷ്ടിച്ചിരുന്നു.

ഇതിന് പിന്നാലെ ഇടക്കാലത്ത് ബി.ജെ.പിയില്‍ നിന്ന് അകന്ന പി സി ജോര്‍ജ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ താന്‍ പത്തനംതിട്ട മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്നും മറ്റു മണ്ഡലങ്ങളില്‍ ജനപക്ഷം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പത്തനംതിട്ടയില്‍ നിന്നും പിന്മാറിയ പി സി ജോര്‍ജിനെ എന്‍ഡിഎയില്‍ എത്തിക്കാനുളള നീക്കങ്ങള്‍ ബിജെപി നടത്തിവരികയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്നാഴ്ച മുന്‍പ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുകയും പിന്നീട് പിന്‍മാറുകയും ചെയ്ത ജോര്‍ജ് കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നാരോപിച്ചാണ് വീണ്ടും മത്സരത്തിന് ഒരുങ്ങിയിരുന്നത്. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായും പി.സി ജോര്‍ജ് നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ പിന്നീട് കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്ന നിലപാടെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *