കൊച്ചി:
സ്‌ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാകുന്നതിന് മുന്നേ എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസില്‍ കലാപം. ബി.ഡി.ജെ.എസില്‍ തുല്യ നീതിയില്ലെന്ന് ആരോപിച്ച് ഉപാധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പാര്‍ടി വിടുന്നു. ഉപാധ്യക്ഷ സ്‌ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്ന് അക്കീരമണ്‍ പറഞ്ഞു. ഇന്നലെ മൂന്ന് സീറ്റുകളിലേക്ക് ബി.ഡി.ജെ.എസ് സ്‌ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് ഉപാധ്യക്ഷന്‍ പാര്‍ടി വിടാന്‍ ഒരുങ്ങുന്നത്. എല്ലാ സമുദായങ്ങളേയും ഒരു വേദിയില്‍ അണിനിരത്തുകയെന്ന ലക്ഷ്യവുമായെത്തിയ ബി.ഡി.ജെ.എസിന് പാര്‍ടിക്കുള്ളില്‍ തുല്യനീതി ഉറപ്പാക്കാനാകുന്നില്ലെന്നാണ് അക്കീരമണ്‍ പറയുന്നത്.
മുന്നോക്ക സംവരണം, ശബരിമല വിഷയം എന്നിവയിലെ പാര്‍ട്ടിയുടെ നിലപാടുകളും സ്വീകാര്യമല്ലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. സ്വന്തം ആശയങ്ങള്‍ക്ക് അനുകൂലമല്ലാത്ത സാഹചര്യമായതുകൊണ്ട് സജീവ രാഷ്ട്രീയത്തില്‍നിന്ന് പിന്‍മാറുകയാണെന്നും അദ്ദേഹം തിരുവല്ലയില്‍ പറഞ്ഞു. യോഗക്ഷേമസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി മുന്നോട്ടുപോകാനാണ് കാളിദാസ ഭട്ടതിരിപ്പാടിന്‍റെ തീരുമാനം. പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും മറ്റ് നേതാക്കൻമാരുമായെല്ലാം നല്ല സൌഹൃദത്തിലാണെന്നും ഉപാധ്യക്ഷൻ പറയുന്നു. ഏതാനും മാസങ്ങളായി ബി.ഡി.ജെ.എസ് യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അക്കീരമണ്‍.
2016ൽ ബി.ഡി.ജെ.എസ് രൂപീകരണം മുതൽ പാർട്ടിയിൽ സജീവമായിരുന്ന അക്കീരമൺ തിരുവല്ലയിൽ സ്ഥാനാർഥിയായി മൽസരിച്ചിരുന്നു. നിലവിൽ യോഗക്ഷേമ സഭ സംസ്ഥാന അധ്യക്ഷനാണ്. എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസിന് കേരളത്തില്‍ അഞ്ച് സീറ്റാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ ആലത്തുര്‍, ഇടുക്കി, മവേലിക്കര എന്നീ സീറ്റുകളിലേക്കാണ് സ്‌ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. വയനാട്, തൃശുര്‍ സീറ്റുകളിലേക്കാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.