ബീഹാർ:
ബേഗുസരായിയിൽ, വിദ്യാർത്ഥിനേതാവായ കനയ്യ കുമാറിന്റെ എതിരാളിയാക്കിയതിൽ പാർട്ടിയോട് അതൃപ്തി പ്രകടിപ്പിച്ച ബി.ജെ.പി. നേതാവും, കേന്ദ്രമന്ത്രിയുമായ ഗിരിരാജ്‌സിംഗിനെ, കനയ്യകുമാർ, വണക്കം ടു ബേഗുസരായ് എന്നു പറഞ്ഞു പരിഹസിച്ചു. നവാഡയിലെ സിറ്റിങ് എം.പിയായ ഗിരിരാജ് സിംഗ്, തന്നെ നവാഡയിൽ മത്സരിക്കാൻ അനുവദിക്കാതെ ബേഗുസരായിൽ നിർത്തുന്നതിനെതിരെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വേറൊരു സിറ്റിംഗ് എം.പിയുടേയും മണ്ഡലങ്ങൾ മാറ്റാതെ തന്നെ മാത്രം മാറ്റിയതിൽ, ‘ആത്മാഭിമാനത്തിനു മുറിവേറ്റു’ എന്നാണ് ഗിരിരാജ് സിംഗ് അഭിപ്രായം പറഞ്ഞത്.
“ബീഹാറിലെ വേറൊരു എം.പി.യുടേയും സീറ്റിന് വ്യത്യാസമില്ല. അതുകൊണ്ട് എന്റെ ആത്മാഭിമാനത്തിനു മുറിവേറ്റു. എന്നോടാലോചിക്കാതെയാണ് തീരുമാനം എടുത്തത്. എന്തിനാണ് അങ്ങനെ ചെയ്തതെന്ന് സംസ്ഥാനത്തെ ബി.ജെ.പി. നേതാക്കൾ എന്നോടു പറയണം. എനിക്ക് ബേഗുസരായിയോട് യാതൊരു എതിർപ്പുമില്ല. പക്ഷേ ആത്മാഭിമാനത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല,” ന്യൂസ് ഏജൻസിയായ എ.എൻ.ഐയോടു ഗിരിരാജ് സിംഗ് പറഞ്ഞു.
നവാഡയിലെ സീറ്റ്, ബി.ജെ.പി. അതിന്റെ സഖ്യകക്ഷിയായ ലോക് ജനശക്തി പാർട്ടിയ്ക്കാണു കൊടുത്തിരിക്കുന്നത്.
“ജനങ്ങളെ അയൽ രാജ്യത്തേക്ക് പോകാൻ ഇടയ്ക്കിടെ നിർബ്ബന്ധിക്കുന്ന, പാക്കിസ്ഥാൻ ടൂർസ് ആൻഡ് ട്രാവൽസ് വകുപ്പിന്റെ വിസ മന്ത്രി, നവാഡയിൽ നിന്നും ബേഗുസരായിയിലേക്കു മാറ്റപ്പെട്ടതിൽ ദുഃഖിതനായി. വണക്കം ടു ബേഗുസരായ് എന്നു മന്ത്രി ഇതിനകം തന്നെ പറഞ്ഞുകഴിഞ്ഞു.” ഗിരിരാജ് സിംഗിന്റെ പ്രസ്താവനയ്ക്കു മറുപടിയെന്നോണം, കനയ്യ കുമാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
നരേന്ദ്രമോദിയെ എതിർക്കുന്നവരെല്ലാവരും പാക്കിസ്ഥാനിലേക്കു പോയ്‌ക്കൊള്ളണം എന്ന് 2014 ൽ നരേന്ദ്രമോദി വിജയിച്ച ഉടനെത്തന്നെ ഗിരിരാജ് സിംഗ് പറഞ്ഞിരുന്നു.