Wed. Jan 22nd, 2025
ലണ്ടൻ :

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിമാനക്കമ്പനിയായ ജെറ്റ് എയർവേയ്സിനെ രക്ഷിക്കാൻ മോദി സർക്കാരും, പൊതുമേഖലാ ബാങ്കുകളും കാണിക്കുന്ന ഉദാരത തന്റെ കമ്പനിയായ കിംഗ് ഫിഷർ എയർലൈൻസിനോട് കാണിച്ചില്ലെന്ന പരാതിയുമായി ലണ്ടനിലേക്ക് രക്ഷപ്പെട്ട വിവാദ വ്യവസായി വിജയ് മല്യ രംഗത്ത്‌ വന്നു. ജെറ്റ് എയർവേയ്സിന്റെ ഡയറക്ടർ ബോർഡിൽ നിന്നു ചെയർമാൻ നരേഷ് ഗോയലും ഭാര്യ അനിതാ ഗോയലും രാജിവെച്ച് അവരുടെ ഓഹരികൾ വിട്ടു നൽകി ജെറ്റ് എയർവേയ്സിനെ കടക്കെണിയിൽ നിന്നും രക്ഷിക്കാൻ എസ്. ബി.ഐ. അനുവാദം നൽകിയതിന് തൊട്ടു പിന്നാലെയാണ് വിജയ് മല്യയുടെ വിമർശനം വന്നത്.

നരേഷ് ഗോയൽ ഓഹരികൾ വിട്ടു നൽകുന്നതിലൂടെ 1500 കോടിയോളം രൂപ കമ്പനിക്കു ലഭിക്കുമെന്നാണു കണക്കുകൂട്ടൽ. ഇതിലൂടെ സാമ്പത്തിക പ്രതിസന്ധി പരിഹരിച്ചു ജെറ്റ് എയർവേയ്‌സിന് താൽക്കാലികമായി പിടിച്ചു നില്ക്കാൻ സാധിക്കും. എന്നാൽ സമാന സാഹചര്യത്തിൽ 2012 ൽ കിംഗ് ഫിഷർ എയർലൈൻസ് കടക്കെണിയിൽ പെട്ടപ്പോൾ 1280 കോടി വിലമതിക്കുന്ന തന്റെ ആസ്തികൾ കർണ്ണാടക ഹൈക്കോടതിയിൽ സമർപ്പിച്ചുവെങ്കിലും പൊതുമേഖലാ ബാങ്കുകൾ ആ പൈസ എടുത്തു കിംഗ് ഫിഷറിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അനുവദിക്കാതെ കമ്പനിയെ പൂട്ടിക്കാനാണ് ശ്രമിച്ചതെന്നാണ് വിജയ് മല്യയുടെ പരാതി. കേന്ദ്ര സർക്കാരിന്റെയും പൊതുമേഖലാ ബാങ്കുകളുടെയും ഈ നിലപാടിനെ “ഇരട്ടത്താപ്പ്” എന്നു വിശേഷിപ്പിച്ചാണ് വിജയ് മല്യ ട്വീറ്റ് ചെയ്തത്.


കഴിഞ്ഞ ദിവസം പാർലമെന്‍റിൽ നടത്തിയ പ്രസംഗത്തിൽ മോദി, വിജയ് മല്യയെ വിമർശിച്ചിരുന്നു. അതിനു പ്രതികരണമായി “പ്രധാനമന്ത്രിയുടെ പാർലമെന്റിലെ പ്രസംഗം ശ്രദ്ധയിൽപെട്ടു. അദ്ദേഹം വാക്‌സാമർത്ഥ്യമുള്ളയാളാണ്. ഒരാൾ 9000 കോടിയുമായി രാജ്യം വിട്ടുവെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പറയുകയാണെങ്കിൽ ആ വ്യക്തി ഞാനാണ്. താൻ നൽകാമെന്നേറ്റ പണം വാങ്ങാൻ മോദി എന്തു കൊണ്ട് ബാങ്കുകൾക്ക് നിർദേശം നൽകുന്നില്ലെന്ന് ബഹുമാനത്തോടെ ചോദിക്കുന്നു.” എന്ന് മല്യ ട്വീറ്റ് ചെയ്തിരുന്നു.

ജെറ്റ് എയർവെയ്‌സിന് പെട്ടെന്ന് തന്നെ ഓഹരി വിൽക്കാൻ കേന്ദ്ര സർക്കാർ അനുവാദം കൊടുത്തതിനു കാരണം മോദിയുടെ അടുപ്പക്കാരനായ കോർപ്പറേറ്റ് ഭീമൻ അദാനി ഗ്രൂപ്പിന്റെ കൈകളിൽ ജെറ്റ് എയര്‍വേസിനെ എത്തിക്കാനാണെന്നും റിപ്പോർട്ടുകളുണ്ട്. അദാനി ഗ്രൂപ്പ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നില്ലെങ്കിലും അവര്‍ക്കുവേണ്ടി മന്ത്രി സുരേഷ് പ്രഭവും സഹമന്ത്രി ജയന്ത്‌സിന്‍ഹയുമാണ് കരുക്കള്‍ നീക്കുന്നതെന്നറിയുന്നു. കച്ചവടം ഉറയ്ക്കുന്നതിനു മുമ്പുള്ള സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യാന്‍ കേന്ദ്രസിവില്‍ വ്യോമയാന മന്ത്രാലയം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ ചുമതലപ്പെടുത്തിയതും ഈ സാഹചര്യത്തിലാണ്. വായ്പകളിന്മേലുള്ള പലിശ ഇളവ്, കടബാധ്യതയായ 7,000 കോടി രൂപയില്‍ ഇളവ് എന്നിവ ജെറ്റ് എയര്‍ വേയ്‌സിനെ വിലയ്ക്കു വാങ്ങുന്ന കമ്പനിക്കു ലഭിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ വ്യക്തമാക്കിയതുതന്നെ അദാനി ഗ്രൂപ്പിനെ ഈ വിമാനക്കമ്പനി കച്ചവടത്തില്‍ വഴിവിട്ടു സഹായിക്കാനാണെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു.

1993–ലാണ് നരേഷ് ഗോയലും ഭാര്യയും ചേർന്ന് ജെറ്റ് എയര്‍വേയ്‌സ് വിമാനക്കമ്പനി ആരഭിക്കുന്നത്. ഇരുവരും രാജിവയ്ക്കുന്നതോടെ 33 ലക്ഷത്തിലധികം ഓഹരികളാകും വില്‍പനയ്ക്ക് എത്തുക. നിലവില്‍ 100 കോടി ഡോളറിന്റെ കടമാണ് കമ്പനിക്കുള്ളത്. 119 വിമാനങ്ങളാണ് ജെറ്റ് എയര്‍വേസിന്റെ ഉടമസ്ഥതയിലുള്ളത്. ഇതില്‍ 54 വിമാനങ്ങളുടെയും സര്‍വീസ് മുടങ്ങിയിരുന്നു. അറ്റകുറ്റ പണികള്‍ക്കായി 24 വിമാനങ്ങള്‍ നേരത്തേ തന്നെ സര്‍വീസ് നിർത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു ജീവനക്കാരുടെ ശമ്പളവും കടപ്പത്ര ഉടമകൾക്കുള്ള പലിശയും മുടങ്ങിയിരുന്നു. പക്ഷെ കേന്ദ്ര സർക്കാർ ഇടപെടലോടെ ഓഹരി വിറ്റു കടക്കെണി ഒഴിവാക്കാൻ ജെറ്റ് എയർവേയ്സിനു ബാങ്കുകളുടെ അനുമതി കിട്ടി.

 

 

Leave a Reply

Your email address will not be published. Required fields are marked *