Wed. Jan 22nd, 2025
ന്യൂഡല്‍ഹി:

പ്രമുഖരായ നേതാക്കള്‍ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തത് ബി.ജെ.പിയില്‍ പ്രതിസന്ധി രൂക്ഷമാക്കുന്നു. പാര്‍ട്ടി സ്ഥാപിക്കുന്നതിലും വളര്‍ത്തുന്നതിലും മുന്നിലുണ്ടായിരുന്ന എല്‍കെ അദ്വാനിക്ക് പുറമെ മുരളി മനോഹര്‍ ജോഷിക്കും ഇത്തവണ ബി.ജെ.പി സീറ്റ് നല്‍കിയിട്ടില്ല. നരേന്ദ്ര മോദി-അമിത് ഷാ സഖ്യത്തിന്‍റെ പൂര്‍ണ പിടിയിലേക്ക് പാര്‍ട്ടി എത്തിയിരിക്കുകയാണ് എന്ന ആരോപണം നിലനില്‍ക്കെയാണ് പുതിയ നീക്കങ്ങള്‍. പാര്‍ട്ടി തന്നോട് മാന്യത കാട്ടിയില്ല എന്ന മട്ടിലാണ് ഈ വിഷയത്തില്‍ ജോഷി പ്രതികരിച്ചത്. നേതൃത്വത്തിന്‍റെ നടപടിയിലുള്ള അതൃപ്തി അദ്ദേഹം പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്തു.

മല്‍സരിക്കുന്നില്ലെന്ന് ജോഷി തന്നെ പ്രഖ്യാപിക്കണമെന്നാണ് അദേഹത്തോട് ബി.ജെ.പി ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം അദ്ദേഹം തള്ളി. ഇത് ബി.ജെ.പിയില്‍ പുതിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. എല്‍കെ അദ്വാനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ജോഷിക്കും ബി.ജെ.പി സീറ്റ് നിഷേധിച്ചത്. ബി.ജെ.പിയെ ഇന്നത്തെ അവസ്ഥയിലേക്ക് വളര്‍ത്തിയെടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച രണ്ടു നേതാക്കളാണ് അദ്വാനിയും ജോഷിയും. രണ്ടുപേരെയും മാറ്റി നിര്‍ത്തുന്നതിലൂടെ ബി.ജെ.പി മോദി-അമിത് ഷാ സഖ്യത്തിന്‍റെ പൂര്‍ണ പിടിയിലാകുകയാണ്.

ഇത്തവണ തിരഞ്ഞെടുപ്പില്‍ സീറ്റില്ലെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാംലാലാണ് ജോഷിയെ അറിയിച്ചത്. മല്‍സരിക്കുന്നില്ലെന്ന് താങ്കള്‍ തന്നെ പ്രഖ്യാപിക്കണമെന്നും രാം ലാല്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ അങ്ങനെ പ്രഖ്യാപിക്കില്ലെന്ന് ജോഷി പാര്‍ട്ടിയെ അറിയിച്ചു. ജോഷിയുടേത് എന്ന പേരില്‍ ഇക്കാര്യം വിശദമാക്കുന്ന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. രൂക്ഷമായ ഭാഷയിലാണ് ജോഷി ഇതില്‍ പ്രതികരിക്കുന്നത്. തന്നെ മല്‍സരിപ്പിക്കേണ്ട എന്ന തീരുമാനം പാര്‍ട്ടി എടുത്തെങ്കില്‍ അക്കാര്യം അറിയിക്കണമായിരുന്നു. പാര്‍ട്ടി അധ്യക്ഷനെങ്കിലും അക്കാര്യം തന്നോട് പറയാമായിരുന്നു. അതുണ്ടായില്ലെന്ന് ജോഷി പറഞ്ഞുവെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2009ല്‍ വാരണാസി മണ്ഡലത്തില്‍ നിന്നാണ് ജോഷി ജയിച്ച് വന്നത്. എന്നാല്‍ 2014ല്‍ മോദിക്ക് വേണ്ടി ഈ മണ്ഡലം ഒഴിഞ്ഞുകൊടുത്തു. ഉത്തര്‍ പ്രദേശിലെ കാണ്‍പൂര്‍ മണ്ഡലത്തെയാണ് 2014ല്‍ ജോഷി പ്രതിനിധീകരിച്ചിരുന്നത്. കാണ്‍പൂരില്‍ 57 ശതമാനം വോട്ട് നേടിയാണ് ജോഷി ജയിച്ചത്. ഇത്തവണ കാണ്‍പൂരില്‍ പുതിയ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചു. അദ്വാനിയെ പോലെ തന്നെയും മാറ്റി നിര്‍ത്തുകയാണെന്ന് ജോഷി മാധ്യമങ്ങളോട് പ്രതികരിച്ചു. സ്ഥാനാര്‍ഥികളില്‍ മാത്രമല്ല പ്രചാരകരിലും അദ്വാനിയും ജോഷിയുമില്ല എന്നതും ചര്‍ച്ചയായിട്ടുണ്ട്. പ്രമുഖരെ മാറ്റിനിര്‍ത്തുന്നത് ബിജെപിക്ക് യുപിയില്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

ഉത്തര്‍ പ്രദേശിലെ 40 സ്റ്റാര്‍ പ്രചാരകരുടെ പേര് ബിജെപി പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ അദ്വാനിയുടെയും ജോഷിയുയുടെയും പേരില്ല. നരേന്ദ്ര മോദിയും അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമാണ് പ്രധാന പ്രചാരകര്‍. ഗുജറാത്ത് തലസ്ഥാനമായ ഗാന്ധി നഗറിലായിരുന്നു അദ്വാനി മല്‍സരിച്ചിരുന്നത്. ഇത്തവണ അവിടെ അമിത് ഷാ ജനവിധി തേടും. ബിജെപി ദേശീയ അധ്യക്ഷനായിരുന്നു മുമ്പ് ജോഷി. മാത്രമല്ല കേന്ദ്ര മന്ത്രി പദവിയും വഹിച്ചിട്ടുണ്ട്. ബിജെപിയെ ഇന്നത്തെ അവസ്ഥയിലേക്ക് വളര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ച രാമജന്മഭൂമി മൂവ്‌മെന്റിന് നേതൃത്വം നല്‍കിയതും ജോഷിയായിരുന്നു.

അദ്വാനിക്ക് 91 വയസായി. ജോഷിക്ക് 85ഉം. അമിത് ഷാ നേരിട്ട് അറിയിച്ചിരുന്നെങ്കില്‍ തങ്ങള്‍ക്ക് പ്രശ്‌നമില്ലായിരുന്നുവെന്ന് അദ്വാനിയും പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി സെക്രട്ടറി രാംലാല്‍ മുഖേന അറിയിച്ചത് അപമാനിക്കുന്നതിന് തുല്യമായി ജോഷിയും അദ്വാനിയും കണക്കാക്കുന്നു. ജോഷിയെയും അദ്വാനിയെയും കൂടാതെ കല്‍രാജ് മിശ്ര, ശാന്തകുമാര്‍, കരിയ മുണ്ട തുടങ്ങി ഒട്ടേറെ പ്രമുഖരായ ബി.ജെ.പി നേതാക്കള്‍ക്ക് ഇത്തവണ പാര്‍ട്ടി സീറ്റ് നല്‍കുന്നില്ല. ഗുജറാത്ത് നേതാക്കള്‍ ബി.ജെ.പിയില്‍ പിടിമുറുക്കിയെന്ന് യുപിയിലെ ബി.ജെ.പി നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *