Sun. Jan 19th, 2025
ചെന്നൈ:

അധിക്ഷേപകരമായ പ്രസ്താവനകൾ വകവയ്ക്കാതെ താൻ ഇനിയും സീതയായും, പ്രേതമായും, ദേവിയായും, കൂട്ടുകാരിയായും, ഭാര്യയായും, കാമുകിയായും അഭിനയിക്കുമെന്നും, രാധാ രവി നടത്തിയ പരാമര്‍ശങ്ങളില്‍ ശക്തമായി അപലപിക്കുന്നതായും നയൻതാര. പ്രസ്താവനക്കുറിപ്പിലൂടെയാണ് രാധാ രവി തനിക്കെതിരെ നടത്തിയ പരാമർശങ്ങളെ നയൻ‌താര രൂക്ഷമായി വിമർശിച്ചത്.

രാധാ രവിയെ പോലുള്ളവരുടെ സ്ത്രീവിരുദ്ധ പ്രസംഗങ്ങൾക്ക് സദസ്സിൽ നിന്നുള്ള ചിലരിൽ നിന്നും ഇപ്പോഴും ചിരിയും കൈയടിയും ലഭിക്കുന്നുണ്ട് എന്നത് വളരെ ഞെട്ടിക്കുന്ന കാര്യമാണ്. ലൈംഗികചുവയുള്ള ഇത്തരം പരാമർശങ്ങളെ പ്രേക്ഷകര്‍ പ്രോത്സാഹിപ്പിക്കുന്നിടത്തോളം കാലം രാധാ രവിയെ പോലുള്ളവര്‍ സ്ത്രീവിരുദ്ധത തുടരുമെന്നും അപകീര്‍ത്തികരമായ തമാശകൾ പറഞ്ഞുകൊണ്ടേ ഇരിക്കുമെന്നും നയന്‍താര പറയുന്നു. നല്ല മനസ്കരായ, നാട്ടിലെ പൗരന്മാരോടും, തന്റെ ആരാധകരോടും രാധാ രവിയെ പോലുള്ളവരുടെ സ്വഭാവത്തെ പ്രോത്സാഹിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നതായും, പൊതുവിൽ സ്ത്രീകള്‍ക്കെതിരെയും കുട്ടികൾക്കെതിരെയും, പ്രത്യേകിച്ച് തനിക്കെതിരെയും രാധാ രവി നടത്തിയ പരാമര്‍ശങ്ങളില്‍ ശക്തമായി അപലപിക്കുന്നതായും നയന്‍താര വ്യക്തമാക്കി.

തമിഴ്നാട്ടിലെ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തോട് ചോദ്യം ചോദിച്ചുകൊണ്ടാണ് നയന്‍താര പ്രസ്താവന അവസാനിപ്പിച്ചത്. ഇനിയെങ്കിലും സുപ്രീംകോടതി വിധി പ്രകാരം സംഘടനയ്ക്കുള്ളിൽ പരാതി പരിഹാര സെല്‍ ആരംഭിക്കുമോ എന്നും വിശാഘ മാര്‍ഗരേഖ പ്രകാരം ആഭ്യന്തര അന്വേഷണം നടപ്പിലാക്കുമോ എന്നും നയൻ‌താര ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *