തിരുവനന്തപുരം :
ഗുണ്ടകളുടെയും, ലഹരിമാഫിയാ സംഘങ്ങളുടെയും വിഹാര കേന്ദ്രമായി മാറുന്ന തിരുവനന്തപുരം നഗരത്തിൽ ഗുണ്ടാ കുടിപ്പകയിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. മ്യൂസിയം സ്റ്റേഷന്‍ പരിധിയിലുള്ള ബാര്‍ട്ടന്‍ഹില്‍ കോളനിയിലാണു സംഭവം. കോളനിവാസിയും, ഓട്ടോ ഡ്രൈവറുമായ കെ.എസ്.അനിയാണ് വെട്ടേറ്റു മരിച്ചത്. ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി. രണ്ടാഴ്ചക്കിടെ നഗരത്തിലുണ്ടാകുന്ന മൂന്നാമത്തെ കൊലപാതകമാണിത്.
ഗുണ്ടകളെയും ലഹരിമരുന്ന് മാഫിയയെയും നിയന്ത്രിക്കാന്‍ ഓപ്പറേഷന്‍ ബോള്‍ട്ടെന്ന പേരില്‍ പോലീസിന്റെ പ്രത്യേക പരിശോധനകള്‍ നടക്കുന്നുണ്ടെങ്കിലും ആഭ്യന്തര വകുപ്പിന്റെ മൂക്കിൻ തുമ്പിൽ ഗുണ്ടാ ആക്രമണങ്ങളും കൊലപാതകങ്ങളും തുടർക്കഥയാകുകയാണ്.
കൊല്ലപ്പെട്ട അനിയുടെ അയല്‍വാസിയായ ജീവനുവേണ്ടി തിരച്ചില്‍ തുടങ്ങി. ഗുണ്ടാ കുടിപ്പകയാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഏതാനും വര്‍ഷം മുന്‍പ് കൊലക്കേസില്‍ പ്രതിയായിട്ടുള്ളയാളാണ് കൊല്ലപ്പെട്ട അനി. പ്രതിയായ ജീവന്‍ കാപ്പാ നിയമം ചുമത്തപ്പെട്ട ഗുണ്ടയുമാണ്. രാത്രി പത്തു മണിയോടെ കോളനിയിലേക്കുള്ള വഴിയില്‍ വച്ച് തര്‍ക്കമുണ്ടാവുകയും, ജീവന്‍ കത്തികൊണ്ട് അനിയെ വെട്ടുകയുമായിരുന്നു. വെട്ടേറ്റ് റോഡില്‍ കിടന്ന അനിയെ പൊലീസെത്തിയാണ് മെഡിക്കല്‍ കോളജിലെത്തിച്ചത്. ഏതാനും മാസം മുന്‍പ് ജീവന്റെ സഹോദരിയെ അനി മര്‍ദ്ദിച്ചതായി പരാതിയുണ്ടായിരുന്നു. ഇതാണ് തര്‍ക്കത്തിന് കാരണമെന്നു കരുതുന്നു. ഗുണ്ടാ നേതാവ് സാബുവിന്റെ സംഘാംഗമാണ് ജീവന്‍.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ശ്രീവരാഹം ക്ഷേത്രക്കുളത്തിന് സമീപം ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ഒരു യുവാവ് കൊല്ലപ്പെട്ടിരുന്നു. ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത് തടയാനെത്തിയ ശ്യാം എന്ന യുവാവിനെയാണ് അന്ന് കുത്തിക്കൊലപ്പെടുത്തിയത്.
കഴിഞ്ഞ ആഴ്ച മറ്റൊരു സംഭവത്തിൽ, കരമന അരശുമൂട് നിന്ന് പട്ടാപകല്‍ അനന്തു ഗിരീഷ് എന്ന യുവാവിനെ ഒരു സംഘം ഗുണ്ടകൾ തട്ടിക്കൊണ്ടുപോയി കയ്യിലെ ഞരമ്പ് മുറിച്ച് ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയിരുന്നു. കൊഞ്ചിറ വിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പ്രതികളുടെ സുഹൃത്തായ കൊവ്വുവാവയെ അനന്തുവിന്റെ സുഹൃത്തുക്കൾ മർദ്ദിച്ചതിന് പ്രതികാരമായിരുന്നു ആ കൊലപാതകം. ആ സംഭവത്തില്‍ പൊലീസിന്റെ ഇടപെടല്‍ വൈകിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍ കണ്ടെത്തി, കേസെടുത്തിരുന്നു.
എന്തായാലും തലസ്ഥാനനഗരിയിൽ പോലും ഗുണ്ടകളെ അമർച്ച ചെയ്യാൻ പോലീസിനു ആകാത്തത് ആഭ്യന്തര വകുപ്പിന് കാര്യക്ഷമത ഇല്ലാത്തതുകൊണ്ടാണെന്നു വിമർശനം ഉയരുന്നുണ്ട്.