പാറ്റ്ന :
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാമെന്ന പ്രതീക്ഷകള്‍ പൊലിഞ്ഞതോടെ, ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങി കനയ്യകുമാര്‍. ബിഹാറിലെ ബേഗുസരായി മണ്ഡലത്തിൽ സി.പി.ഐ. സ്ഥാനാർത്ഥിയായി കനയ്യകുമാർ മത്സരിക്കും. ശനിയാഴ്ചയാണ് ഇതു സംബന്ധിച്ച തീരുമാനം ഇടതുപാർട്ടികൾ കൈക്കൊണ്ടത്. കനയ്യ കുമാറിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചതായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി സത്യനാരായണൻ സിംഗ് വ്യക്തമാക്കി. ബേഗുസരായിൽ ഇടതുപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയായാണ് കനയ്യകുമാർ മത്സരിക്കുന്നത്.
ആർ.ജെ.ഡിയും കോൺഗ്രസും നേതൃത്വം നൽകുന്ന ബീഹാറിലെ മഹാസഖ്യം ഒരു സീറ്റ് നൽകുമെന്നായിരുന്നു കനയ്യകുമാർ അവസാന നിമിഷം വരെ പ്രതീക്ഷിച്ചത്. ഇടതു പാർട്ടികൾക്കും അത് സമ്മതമായിരുന്നു. എന്നാൽ, മറ്റുള്ള സഖ്യകക്ഷികളുമായുള്ള വിലപേശലിനൊടുവിൽ ആർ.ജെ.ഡിക്കു പത്തൊൻപതും, കോൺഗ്രസ്സിനു ഒൻപതും സീറ്റുകൾ മാത്രമേ ശേഷിച്ചുള്ളൂ. അതോടെ, താരതമ്യേന ദുർബലരായ സി.പി.ഐ, സി.പി.എം. കക്ഷികളെ, മഹാസഖ്യം പൂർണമായി തഴയുകയായിരുന്നു. 2014 ല്‍ ജെ.ഡി.യുവുമായി സഖ്യമുണ്ടാക്കി മത്സരിച്ച സി.പി.ഐ. ബേഗുസരായില്‍ മൂന്നാം സ്ഥാനത്താണ് എത്തിയത്.
മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ബേഗുസരായിൽ ആർ.ജെ.ഡി. നേതാവ് തൻവീർ ഹസൻ മഹാസഖ്യത്തിന്റെ സ്ഥാനാർത്ഥിയാകാനാണു സാധ്യത. കനയ്യയും തൻവീറും ബെഗുസാരയിൽ നിന്ന് തന്നെ ഉള്ളവരാണ്. കേന്ദ്രമന്ത്രി ഗിരിരാജ് സിംഗാണ് ബെഗുസാരയിൽ എൻ.ഡി.എ. സ്ഥാനാർത്ഥിയാകുന്നത്. ഭൂമിഹാർ സമുദായ പിന്തുണ ഗിരിരാജിനാകുമെന്ന കണക്കുകൂട്ടലിലാണ് മഹാസഖ്യം കനയ്യയെ ഒഴിവാക്കിയതെന്നാണ് സൂചന.
സി.പി.ഐ, സി.പി.എം. കക്ഷികളെ തഴഞ്ഞ ആർ.ജെ.ഡി, സ്വന്തം ക്വാട്ടയിൽനിന്ന് ഒരു സീറ്റ് സി.പി.ഐ.(എം.എൽ.)നു നൽകുന്നുണ്ട്. ബീഹാറിൽ കൂടുതൽ സ്വാധീനം സി.പി.ഐ. (എം.എൽ.)നാണ്. മഹാസഖ്യത്തിൽ സീറ്റുകള്‍ നിഷേധിക്കപ്പെട്ടതോടെ മിക്ക സീറ്റുകളിലും സ്വന്തം നിലയില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ബീഹാറിലെ സി.പി.ഐ. നേതാക്കള്‍.