Sat. Apr 20th, 2024
ന്യൂഡൽഹി :

ഗ്രൂപ്പ് താൽപര്യങ്ങൾക്ക് അതീതമായി പ്രവർത്തിക്കാൻ കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾക്ക് കഴിയുന്നില്ലെന്ന വിമർശനവുമായി മുതിർന്ന നേതാവും മുൻ എം.പിയുമായ പി.സി. ചാക്കോ. പക്വമായല്ല, ഗ്രൂപ്പ് വീതം വയ്പ്പാണ് കേരളത്തിലെ സ്ഥാനാർത്ഥി നിർ‌ണ്ണയത്തിൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് അദ്ദേഹം സമ്മതിച്ചെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ, അത് വസ്തുതാപരമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം എന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു.

കഴിഞ്ഞ തവണ പി.സിചാക്കോയുടെ കടുംപിടുത്തമായിരുന്നു തൃശൂർ, ചാലക്കുടി സീറ്റുകൾ കോൺഗ്രസ്സിന് നഷ്ടപ്പെടാനുണ്ടായ കാരണം എന്ന് പരക്കെ വിമർശനം ഉയർന്നിരുന്നു. ഹൈക്കമാൻഡിനെ കൊണ്ട് സമ്മർദ്ദം ചെലുത്തി, ചാലക്കുടിയിലെ അന്നത്തെ സിറ്റിംഗ് എം.പി. ധനപാലനെ തൃശൂർ മണ്ഡലത്തിലേക്ക് മാറ്റിയായിരുന്നു പി.സി. ചാക്കോ 2014 ൽ ചാലക്കുടി സീറ്റ് തരപ്പെടുത്തിയത്. പക്ഷെ ആ നീക്കം യു.ഡി.എഫിന്റെ സുരക്ഷിത മണ്ഡലങ്ങളായിരുന്ന തൃശ്ശൂരും ചാലക്കുടിയും നഷ്ടപ്പെടുന്നതിൽ കലാശിക്കുകയും, പി.സി. ചാക്കോയുടെ രാഷ്രീയ ഗ്രാഫ് കുത്തനെ ഇടിയുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ഇത്തവണത്തെ കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥി ചർച്ചകളിൽ പി.സി. ചാക്കോയുടെ പേര് എങ്ങും പരാമർശിക്കപ്പെട്ടിരുന്നില്ല. ആ നീരസം കൊണ്ടു കൂടിയാണ് കേരളത്തിലെ നേതാക്കള്‍ക്കു സങ്കുചിത താല്പര്യമാണെന്നും, ഗ്രൂപ്പ് താല്പര്യത്തിനപ്പുറം അവർ ചിന്തിക്കുന്നില്ലെന്നും, സ്ഥാനാർത്ഥി നിര്‍ണയചര്‍ച്ചകള്‍ നടന്നതു പക്വമായ രീതിയിലല്ലെന്നും ചാക്കോ തുറന്നടിച്ചത്.

അതേ സമയം കേരളത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന സൂചനകൾ ശക്തമാക്കി വയനാട് ഒഴിവാക്കി കോൺഗ്രസ് ഒൻപതാം സ്ഥാനാർത്ഥി പട്ടിക ഇന്നലെ പുറത്തിറക്കി. തമിഴ്‌നാട്ടിൽ രാഹുലിന്റെ രണ്ടാം മണ്ഡലമാകുമെന്ന് കേട്ട ശിവഗംഗയിലും, കർണ്ണാടകത്തിൽ രാഹുലിന്റെയും പ്രധാനമന്ത്രി മോദിയുടെയും രണ്ടാം മണ്ഡലമാകുമെന്ന് കേട്ട ബംഗളുരു സൗത്തിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. നേരത്തെ രാഹുലിന്റെ പേരിൽ കേട്ട, കർണ്ണാടകയിലെ ബീദറിലും കഴി‌ഞ്ഞദിവസം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. രാഹുലിന്റെ പേരു പറഞ്ഞുകേൾക്കുന്നതിൽ ഇനി വയനാട് മാത്രമാണ് പ്രഖ്യാപിക്കാനുള്ളത്.

ഇന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗവും കേന്ദ്രതിരഞ്ഞെടുപ്പ് സമിതി യോഗവും ചേരുന്നുണ്ട്. ഈ യോഗങ്ങളിൽ രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിൽ തീരുമാനമുണ്ടായേക്കും. വയനാട്ടിൽ മത്സരിക്കണമെന്ന കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ആവശ്യം രാഹുൽ സജീവമായി പരിഗണിക്കുന്നതായി കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *