കേരളം:
അതി കഠിനമായ വേനലാണ് ഇപ്പോൾ കേരളത്തിലെന്ന് കാലാവസ്ഥ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു. ചർമസംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന എല്ലാ ആളുകളും കരുതലോടെയിരിക്കുന്ന സമയം കൂടെയാണ് വേനൽക്കാലം. ചർമത്തെ മുഴുവൻ ബാധിച്ചേക്കാവുന്ന നിരവധി പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ അല്പം സൂക്ഷിച്ചില്ലെങ്കിൽ അപകടകരമാണ്. ഇതാ വേനലിനെ നേരിടാൻ കുഞ്ഞു പൊടിക്കൈകൾ.
കുളി, അത് നിർബന്ധാ!
വേനൽക്കാലത്തു ശരീരത്തിൽ നിരവധി പൊടി പടലങ്ങൾ നിറയാൻ സാധ്യതയുണ്ട്. പോരാതെ ഈ കാലത്താണ് നമ്മൾ ഏറ്റവും കൂടുതൽ വിയർക്കുന്നത്.രാവിലെയും വൈകീട്ടും തണുത്ത വെള്ളത്തിൽ കുളിച്ചാൽ ഈ പ്രശ്നനങ്ങളെ മറികടക്കാൻ സാധിക്കും. ത്വക്കിന് പൊടിയും വിയർപ്പും മൂലമുണ്ടാവുന്ന അലർജിയെ തടയാനും ഈ കുളി സഹായിക്കും. വെള്ളത്തിൽ അല്പം ചെറു നാരങ്ങാ നീരോ, രാമച്ചമോ ഇട്ടാൽ കൂടുതൽ ഫലം ചെയ്യും.
നോ മെയ്ക് അപ്പ്!
ഈ കാലത്ത് മെയ്കപ്പുകൾ ഉപയോഗിക്കാത്തതാണ് ഉത്തമം. അഥവാ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ പുറത്തു പോയി വന്നയുടനെ അത് കഴുകി കളയാം. വീട്ടിലെത്തിയാലുടനെ അല്പം തണുത്ത പാലിൽ പഞ്ഞി മുക്കി മുഖം തുടയ്ക്കുന്നത് അഴുക്ക് നീക്കം ചെയ്യാൻ സഹായകമാകും. വെള്ളരിക്ക നീരും, കറ്റാർവാഴ നീരും ഐസ് ക്യൂബ്സ് ആക്കി സൂക്ഷിച്ച് മുഖത്തു മസ്സാജ് ചെയ്യുന്നത് കരുവാളിപ്പ് പോകാൻ സഹായിക്കുന്നു.
വെയില് കൊള്ളല്ലേ…
കഴിവതും വെയിൽ കൊള്ളാതെയിരിക്കുക. പ്രത്യേകിച്ചും രാവിലെ പത്തു തൊട്ട് ഉച്ച മൂന്നു മണി വരെ. പുറത്തിറങ്ങുകയാണെങ്കിൽ സൺസ്‌ക്രീൻ ക്രീമുകൾ നിർബന്ധമായും ഉപയോഗിക്കുക. മുഖത്തിലും, കഴുത്തിലും കയ്യിലും കാൽ പാദങ്ങളിലും ക്രീം ഉപയോഗിക്കാം. ക്രീം തെരഞ്ഞെടുക്കുമ്പോൾ എസ് പി എഫ് നോക്കി തിരഞ്ഞെടുക്കുക.എസ് പി എഫ് മുപ്പതിന് മുകളിലുള്ളവയാണ് കൂടുതൽ സംരക്ഷണം നൽകുന്നത്.
പ്രകൃതിയിലേക്ക് മടങ്ങാം
വറുത്തതും പൊരിച്ചതുമായ ആഹാര സാധങ്ങൾക്ക് തല്ക്കാലം കുറച്ചു കാലത്തേക്ക് ബൈ പറയാം. ജ്യൂസി ആയുള്ള പഴങ്ങൾ കൂടുതലായി ലഭിക്കുന്ന കാലമാണിത്. അവ ആഹാരത്തിലേക്ക് ധാരാളം ഉൾപ്പെടുത്തുന്നത് വഴി നഷ്ടപ്പെടുന്ന ജലാംശം പിടിച്ചു നിർത്താം. വെള്ളം കുടിയിലും ഒട്ടും പിശുക്ക് കാണിക്കരുത്. നിത്യേന എട്ടു ഗ്ലാസ് വെള്ളം നിർബന്ധമായും കുടിക്കണം.