ന്യൂഡൽഹി:
ഇരുപതു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഒന്നാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 91 മണ്ഡലങ്ങളിലേയ്ക്കുള്ള നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണം തിങ്കളാഴ്ച പൂര്‍ത്തിയാകും. പ്രമുഖ പാര്‍ട്ടികളെല്ലാം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിലേക്ക് കടന്നു. ആന്ധ്രപ്രദേശ്, ഒഡിഷ, സിക്കിം നിയമസഭയിലേക്കും ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പുണ്ടാകും. നാലു ഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന ഒഡിഷയില്‍ ഒന്നാം ഘട്ടത്തില്‍ 28 നിയമസഭാ മണ്ഡലങ്ങളിലേക്കും നാല് ലോക്‌സഭാ മണ്ഡലങ്ങളിലേയ്ക്കുമാണ് തിരഞ്ഞെടുപ്പ്.
ആദ്യ ഘട്ടത്തില്‍ ഉത്തര്‍പ്രദേശിലെ എട്ട് ലോക്‌സഭാ മണ്ഡലങ്ങളിലായി രണ്ട് കേന്ദ്ര മന്ത്രിമാരും ഒരു മുന്‍മന്ത്രിയും മത്സരരംഗത്തുണ്ട്. മഹാരാഷ്ട്രയില്‍ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിലേയ്ക്കാണ് ആദ്യ ഘട്ടം. നാഗ്പുരില്‍ കേന്ദ്രമന്ത്രിയും മുന്‍ ബി.ജെ.പി. അധ്യക്ഷനുമായ നിതിന്‍ ഗഡ്ക്കരിയ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ നാനാ പഠോളെയാണ് മത്സരിക്കുന്നത്. മൂന്നു ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന അസമിലെ കലിയബോര്‍ മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ മകന്‍ ഗൗരവ് ഗൊഗോയിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.