#ദിനസരികള് 706
അഭയാര്‍ത്ഥിയായി അഖിലേന്ത്യാ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് വയനാട് ലോകസഭാ മണ്ഡലത്തിലേക്ക് വന്നു കയറുമ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി ചോദിച്ച, രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യേണ്ടതായ ഒരു ചോദ്യമുണ്ട്.
ഈ തീരുമാനത്തിലൂടെ എന്ത് സന്ദേശമാണ് രാഹുല്‍ നമ്മുടെ രാജ്യത്തിന് നല്കുന്നത്?
രാഹുല്‍ വരുമ്പോള്‍ ഇത്തരമൊരു കഴമ്പുള്ള ചോദ്യത്തിന് ഉത്തരം തേടേണ്ടിവരുമെന്ന് ബന്ധപ്പെട്ടവര്‍ ആലോചിച്ചിട്ടുണ്ടാവില്ല. സുരക്ഷിതമായ ഒരു മണ്ഡലം എന്ന ഒരൊറ്റ കുറ്റിയില്‍ നിന്നുകൊണ്ടുമാത്രമേ അവരുടെ ആലോചനകള്‍ ഇടംവലം തിരിഞ്ഞിട്ടുള്ളു എന്നതാണ് വസ്തുത.
2009 ലെ മൂന്നേമുക്കാല്‍ ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ നിന്നും രണ്ടേമുക്കാല്‍ ലക്ഷം വോട്ടുകളുടെ കുറവാണ് 2014 ല്‍ രാഹുലിനുണ്ടായത്. ഇത് കോണ്‍ഗ്രസ് പാളയങ്ങളെ അലോസരപ്പെടുത്തുന്നുണ്ടാകണം. അതുകൊണ്ടാണ് പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലമാണെങ്കില്‍പ്പോലും അമേത്തിയെ അത്രക്കങ്ങ് വിശ്വസിക്കേണ്ടതില്ലെന്ന നിഗമനത്തിലേക്ക് രാഹുലിന്റെ തന്ത്രം മെനയുന്നവര്‍ എത്തിച്ചേര്‍ന്നത്.
വംശരക്ഷയെക്കരുതിയുള്ള അനുചരവൃന്ദത്തിന്റെ ഉപദേശത്തിന്റെ ഉദ്ദശശുദ്ധി അവരെ സംബന്ധിച്ച് ശരിയായിരിക്കും. അവസാനത്തെ കച്ചിത്തുരുമ്പിനെയെങ്കിലും സംരക്ഷിച്ചു പിടിക്കാനുള്ള ആ വ്യഗ്രതയെ നാം മനസ്സിലാക്കുക തന്നെ വേണം.
എന്നാല്‍ പിണറായിയുടെ ചോദ്യം ഈ പരിതസ്ഥിതികളിലെങ്ങും ഒതുങ്ങിക്കൂടുന്നതല്ല. അത് ഇന്ത്യ എന്ന മഹാരാജ്യത്തിലെ വര്‍ത്തമാനകാല അവസ്ഥകളെ മുന്‍നിറുത്തിയുള്ള എണ്ണംപറഞ്ഞ ഒരു രാഷ്ട്രീയ സമസ്യയാണ്. പൂരിപ്പിക്കേണ്ടത് മതേതരത്വമെന്ന മൂല്യത്തിന് പരമപ്രാധാന്യമുണ്ടെന്ന് അഭിനയിക്കുന്ന കോണ്‍ഗ്രസിന്റെ നേതൃത്വമാണ്. പരാജയഭീതി മറച്ചു വെച്ച് ദക്ഷിണേന്ത്യയാകെ രാഹുലിന്റെ പ്രഭാവം പരന്നൊഴുകുമെന്നും അതുവഴി സീറ്റുകളില്‍ത്തന്നെ വര്‍ദ്ധനവുണ്ടാകുമെന്നൊക്കെയുള്ള വാഗ്ദോരണികള്‍ അവഗണിക്കുക. അങ്ങനെയെങ്കില്‍ ആ പ്രഭാവം ഉപയോഗിക്കേണ്ടത് ബി.ജെ.പിക്ക് മുന്‍തൂക്കമുളള മണ്ഡലങ്ങളിലല്ലേ എന്ന് തിരിച്ചു ചോദിച്ച് നാം എന്തിന് ആ നിഷ്കളങ്കരെ വേദനിപ്പിക്കണം?
രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വം ഇന്ത്യയൊട്ടാകെ നോക്കിക്കാണുക പരാജിതന്റെ ഒളിച്ചോട്ടമായിട്ടായിരിക്കും. സംഘപരിവാരം ആ തലത്തിലുള്ള പ്രചാരണങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. നരേന്ദ്രമോഡിയെ എതിര്‍ക്കുവാന്‍ കെല്പില്ലാതെ ഒളിച്ചോടിയ ഭീരുവാണ് പ്രതിപക്ഷത്തിന്റെ നായകന്‍ എന്നു വന്നുകൂടുന്നത് ആശാസ്യമല്ലതന്നെ. ബി.ജെ.പിയുടെ സാധ്യത വര്‍ദ്ധിപ്പിക്കാനേ ഈ നീക്കം പര്യാപ്തമാകുകയുള്ളുവെന്ന സംശയം അസ്ഥാനത്തല്ല. അത് വലിയ തോതിലുള്ള തിരിച്ചടികളുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇവിടെയാണ് ബി.ജെ.പിക്കും കൂട്ടര്‍ക്കും കാര്യമായ സ്വാധീനമൊന്നുമില്ലാത്ത കേരളത്തിലേക്ക് രാഹുലെത്തുന്നത്. എതിരാളി ബി.ജെ.പിയല്ലെന്നു സമ്മതിക്കുന്നതിന് തുല്യമാണത്. ദേശീയതലത്തില്‍ വര്‍ഗ്ഗീയതക്കെതിരെ മുറവിളി കൂട്ടുന്ന കോണ്‍ഗ്രസ് കൂടാരത്തിലുള്ളവരുടെ മനസ്സിലിരുപ്പ് ബി.ജെ.പിയെ സഹായിക്കുകയാണോയെന്ന സംശയം പോലുമുണ്ടാകുന്നു.
യു.പി യില്‍ യോഗി ആദിത്യനാഥിന്റെ ഭരണം ജനതക്ക് കെടുതികളാണ് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. വര്‍ഗ്ഗീയതയും ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളും കൊടുമ്പിരിക്കൊണ്ടിരിക്കുന്നു. സത്യം വിളിച്ചു പറഞ്ഞ പോലീസുദ്യോഗസ്ഥനെ തല്ലിയും വെടിവെച്ചും കൊന്നൊടുക്കിയതും നാം കണ്ടു. ഒരു തരത്തിലും ബി. ജെ.പി ക്യാമ്പിന് പ്രതീക്ഷയുണ്ടാക്കുന്ന വാര്‍ത്തകളൊന്നും തന്നെ അവടെ നിന്നും പുറത്തേക്കു വരുന്നില്ല. ഹിന്ദി മേഖലയില്‍ നിയമ സഭാ ഇലക്ഷനുകളില്‍ സംഘപരിവാരത്തിന് മോശമല്ലാത്ത തിരിച്ചടികളുണ്ടായ സാഹചര്യമാണെന്നതുകൂടി പരിഗണിക്കുക. എന്നിട്ടും ആ സാഹചര്യങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കാതെയും ജനങ്ങളിലേക്കെത്തിക്കാതെയും ആത്മവിശ്വാസമില്ലാതെ രാഹുല്‍ ഒളിച്ചോടുന്നത് എങ്ങനെയാണ് കോണ്‍ഗ്രസിന് ഗുണമാകുക? എങ്ങനെയാണ് മതേതരത്വ മുന്നേറ്റങ്ങളെ ശക്തിപ്പെടുത്തുക?
ഗുണപരമായ ഒരു തരത്തിലുള്ള സഹായവും വലതുപക്ഷ ക്യാമ്പിന് രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വം ആത്യന്തികമായി ഉണ്ടാക്കുന്നില്ല. എന്നാല്‍ ദേശീയ തലത്തില്‍ അത് രാഹുലിന്റേയും കോണ്‍ഗ്രസിന്റേയും മുഖത്ത് കളങ്കമുണ്ടാക്കുകയും ചെയ്യും. സ്മൃതി ഇറാനിയെ ഭയപ്പെട്ട് കളമൊഴിഞ്ഞുകൊടുത്ത് കരക്കിരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക മോഡിയും കൂട്ടരുമായിരിക്കുമെന്ന് തിരിച്ചറിയാന്‍ കോണ്‍ഗ്രസിന് കഴിയേണ്ടതുണ്ട്. വിശാലമായ അര്‍ത്ഥത്തില്‍ മതേതരത്വമുന്നേറ്റങ്ങളെ പിന്തുണക്കുകയെന്നതുതന്നെയാണ് പ്രതിപക്ഷ കക്ഷികളുടെ ഉള്ളിലിരുപ്പെന്ന് ജനങ്ങള്‍ക്കും ബോധ്യപ്പെടേണ്ടതുണ്ട്. അതുകൊണ്ട് രാഷ്ട്രീയമായി കോണ്‍ഗ്രസിനുതന്നെ നഷ്ടമുണ്ടാക്കുന്ന തീരുമാനത്തെ രാഹുല്‍ പുനപരിശോധിക്കുമെന്ന് പ്രത്യാശിക്കുക.
മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.
അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.