Sun. Nov 24th, 2024
ചെന്നൈ:

രാജ്യതലസ്ഥാനത്തുവരെ ചെന്ന് തങ്ങളുടെ ആവശ്യം ഉന്നയിച്ച തമിഴ്‌നാട്ടിലെ കർഷകർ ഇപ്പോൾ വാരാണസിയിലേക്കു പോകാനുള്ള തയ്യാറെടുപ്പിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസി മണ്ഡലത്തിൽ 111 നാമനിർദ്ദേശപത്രിക സമർപ്പിക്കുകയാണ് അവരുടെ ഉദ്ദേശം.

സംസ്ഥാനത്തെ 111 കർഷകർ വാരാണസിയിൽ നിന്ന് മോദിയ്ക്കെതിരെ മത്സരിക്കുമെന്ന് തമിഴ്‌നാട്ടിലെ കർഷകരുടെ നേതാവായ അയ്യക്കണ്ണ് ശനിയാഴ്ച പറഞ്ഞു.

കാർഷിക ഉത്പന്നങ്ങൾക്ക് ന്യായവില എന്നതടക്കം, കർഷകരുടെ എല്ലാ ആവശ്യങ്ങളും നടപ്പിലാക്കിത്തരുമെന്നു ബി. ജെ. പി ഉറപ്പുനൽകുന്ന നിമിഷം, മോദിയ്ക്കെതിരെ മത്സരിയ്ക്കാനുള്ള ആശയം പിൻ‌വലിക്കുമെന്ന് കർഷകനേതാവ് ന്യൂസ് ഏജൻസിയായ പി.ടി.ഐയോടു പറഞ്ഞു. തമിഴ്‌നാട്ടിലെ കർഷകർ, 2017 ൽ ഡൽഹിയിൽ 100 ദിവസത്തോളം നീണ്ടുനിന്ന പ്രക്ഷോഭം നടത്തിയിരുന്നു.

കോൺഗ്രസ്സടക്കമുള്ള മറ്റു പാർട്ടികളോടു പറയാതെ, എന്തുകൊണ്ടാണ് ബി.ജെ.പിയോടു മാത്രം ആവശ്യങ്ങൾ ഉന്നയിക്കുന്നതെന്നു ചോദിച്ചപ്പോൾ, ഇപ്പോൾ ഭരണത്തിലിരിക്കുന്ന പാർട്ടി, ബി.ജെ.പിയാണെന്നും, മോദിയാണു പ്രധാനമന്ത്രിയെന്നും, അയ്യക്കണ്ണ് പറഞ്ഞു.

വാരാണസിയിലേക്കു പോകാനായി 300 പേർക്ക് ട്രെയിൻ ടിക്കറ്റു ബുക്കുചെയ്തിട്ടുണ്ടെന്നും അയ്യക്കണ്ണ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *