Sun. Dec 22nd, 2024
കൊല്ലം:

ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളുടെ മകളായ 13 വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ഒന്നാം പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. പ്രതിയായ റോഷന് വേണ്ടിയാണു ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. ബംഗലുരു, രാജസ്ഥാന്‍ എന്നിവിടങ്ങളിലും കേരളത്തിലെ വടക്കന്‍ ജില്ലകളിലും ലുക്ക് ഔട്ട് നോട്ടീസിറക്കും. പ്രതി റോഷന്‍, പെണ്‍കുട്ടിയുമായി ബാംഗ്ലൂരിലേക്ക് കടന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ കണ്ടെത്താന്‍ കേരളാ പൊലീസ് ബാംഗ്ലൂര്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. .

കേസില്‍ ഉള്‍പ്പെട്ട 3 പ്രതികളെ നേരത്തെ തന്നെ അറസ്റ്റ് ചെയ്യുകയും ഇവര്‍ക്കെതിരെ പോക്സോ ചുമത്തുകയും ചെയ്തിട്ടുണ്ട്. ഓച്ചിറ എസ്.ഐയും സി.ഐയും അന്വേഷിച്ചു കൊണ്ടിരുന്ന കേസിന്റെ അന്വേഷണ ചുമതല കരുനാഗപ്പള്ളി എസ്.പിക്ക് കൈമാറി. പെണ്‍കുട്ടിയെ കാണാതായിട്ട് അഞ്ച് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനാകാത്തതിനാലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുന്നതും അന്വേഷണച്ചുമതല കൈമാറുന്നതും.

തിങ്കളാഴ്ചയാണ് ഓച്ചിറ സ്വദേശി റോഷനും സംഘവും വഴിയോരക്കച്ചവടക്കാരായ മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കി 13 കാരിയെ തട്ടിക്കൊണ്ട് പോയത്. ഓച്ചിറ വലിയകുളങ്ങര പ്രദേശത്ത് പ്ലാസ്റ്റര്‍ ഓഫ് പാരിസ് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന രാജസ്ഥാന്‍ സ്വദേശികളുടെ മകളെയാണ് റോഷന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ട് പോയത്.തട്ടിക്കൊണ്ടു പോയ പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോള്‍ ആദ്യം കേസെടുക്കാന്‍ തയ്യാറാകാതിരുന്ന പൊലീസ് പിന്നീട് നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കേസെടുത്തത്.

പെണ്‍കുട്ടിയുടെ വീട്ടിന് മുന്നില്‍ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ 24 മണിക്കൂര്‍ ഉപവാസ സമരം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വനിതാ കമ്മീഷനും സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *