Fri. Apr 19th, 2024
തിരുവനന്തപുരം:

ബി.ജെ.പി. ഏറ്റവും സാദ്ധ്യത കല്‍പ്പിക്കുന്ന പത്തനംതിട്ട മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത് വലിയ വിവാദങ്ങള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. ബി.ജെ.പിയിലേക്ക് എത്തുന്ന കോണ്‍ഗ്രസിലെ ഒരു പ്രമുഖ നേതാവിന് വേണ്ടിയാണ് പത്തനംതിട്ട മണ്ഡലം മാറ്റിവെച്ചിരിക്കുന്നത് എന്നുവരെ വാര്‍ത്തകള്‍ വന്നിരുന്നു. അതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ പ്രയാര്‍ ഗോപാലകൃഷ്ണന്റെ പേര് ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങി. എന്നാല്‍ പ്രചാരണം ശക്തമായതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.

താന്‍ ഒരാളെ മാത്രമാണ് അച്ഛന്‍ എന്ന് വിളിച്ചിട്ടുള്ളൂവെന്നും, അത് മാറ്റി വിളിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല എന്നുമാണ് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറയുന്നത്. ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്ത പങ്കുവച്ചുകൊണ്ടാണ് നേതാവിന്റെ കുറിപ്പ്. ‘ഇത് ആരെ ഉദ്ദേശിച്ചാണെന്ന് അറിയില്ല… എന്തായാലും ഞാന്‍ ഒരാളെ മാത്രമേ അച്ഛന്‍ എന്ന് വിളിച്ചിട്ടുള്ളൂ…. അത് മാറ്റി വിളിക്കാന്‍ ഇനി ഉദ്ദേശിക്കുന്നുമില്ല.. എന്റെ പേര് അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നവര്‍ക്ക് നല്ല നമസ്‌കാരം…’ പ്രയാര്‍ ഗോപാലകൃഷ്ണന്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക ബി.ജെ.പി. പ്രഖ്യാപിച്ചത്. എന്നാല്‍ പത്തനംതിട്ട മണ്ഡലം ഒഴിച്ചുള്ള മണ്ഡലങ്ങളാണ് ലിസ്റ്റിലുണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് പത്തനംതിട്ടയെ ചുറ്റിപ്പറ്റി അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ദേശീയ നേതാവ് അദ്വാനിയുടെ പേരുവരെ പത്തനംതിട്ടയില്‍ ഉയര്‍ന്നു കേട്ടു.

Leave a Reply

Your email address will not be published. Required fields are marked *