Fri. Jan 3rd, 2025
മുംബൈ:

‘പി.എം നരേന്ദ്ര മോദി’ എന്ന ചിത്രത്തിന്റെ ട്രെയിലറിൽ ഗാനരചയിതാക്കളുടെ പേരിനൊപ്പം തന്റെ പേര് കണ്ട് ഞെട്ടിയിരിക്കുകയാണ് ജാവേദ് അക്തർ. വിവേക് ഒബ്റോയ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേഷത്തിൽ അഭിനയിക്കുന്ന ചിത്രത്തിനു വേണ്ടി ഒരു ഗാനവും താൻ എഴുതിയിട്ടില്ലെന്ന് ജാവേദ് അക്തർ വെള്ളിയാഴ്ച വ്യക്തമാക്കി. ട്രെയിലറിന്റെ അവസാനം അണിയറ പ്രവർത്തകരുടെ പേര് എഴുതിക്കാണിക്കുന്ന ഭാഗത്ത്, ഗാനങ്ങൾ രചിച്ചവരുടെ പേരിനൊപ്പം ജാവേദ് അക്തറിന്റെ പേരും കൊടുത്തിട്ടുണ്ട്.

ചിത്രത്തിന്റെ പോസ്റ്ററിൽ തന്റെ പേര് കണ്ട് ഞെട്ടിയിരിക്കുകയാണെന്നും, ചിത്രത്തിനുവേണ്ടി ഒരു ഗാനവും എഴുതിയിട്ടില്ല എന്നും ജാവേദ് അക്തർ ട്വിറ്ററിൽ കുറിച്ചു. പ്രശസ്ത നടിയും ജാവേദ് അക്തറിന്റെ ഭാര്യയുമായ ശബാന അസ്മിയും ഇത് റീ ട്വീറ്റ് ചെയ്തിട്ടുണ്ട്.

പ്രസൂൺ ജോഷി, സമീർ, അബീന്ദർ കുമാർ ഉപാധ്യായ, സർദാര പരി ജി, ലവ്രാജ് എന്നിവർക്കൊപ്പമാണ് ജാവേദ് അക്തറിന്റെ പേരു വന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒമംഗ് കുമാർ ആണ് ‘പി.എം നരേന്ദ്ര മോദി’ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ട്രെയിലർ ബുധനാഴ്ച പുറത്തുവന്നിരുന്നു. ബൊമ്മൻ ഇറാനി, മനോജ് ജോഷി, സറീന വഹാബ്, പ്രശാന്ത് നാരായണൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഏപ്രിൽ 5 ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *