ന്യൂഡല്‍ഹി:
തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മുഖ്യമന്ത്രിയെന്നു സര്‍വേ. സി വോട്ടര്‍-ഐ.എ.എന്‍.എസ്. 25 സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയുടെ ഫലമാണു പുറത്തുവിട്ടത്. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കുര്‍, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് എന്നിവരാണു റാവുവിനു പിന്നിലെ സ്ഥാനങ്ങളില്‍. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും, റാവുവിന്റെ രാഷ്ട്രീയ എതിരാളിയുമായ ചന്ദ്രബാബു നായിഡുവിന് സര്‍വേയില്‍ 14-ാം സ്ഥാനമാണു ലഭിച്ചത്. തെലങ്കാനയില്‍നിന്ന് 20,827 പേരാണു സര്‍വേയില്‍ പങ്കെടുത്തത്. ഇതില്‍ 68 ശതമാനം പേരും റാവുവിന്റെ ഭരണത്തില്‍ തൃപ്തി രേഖപ്പെടുത്തി.
പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി, തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ടി.എസ്. റാവത്ത് എന്നിവരെയാണു മോശം മുഖ്യമന്ത്രിമാര്‍ എന്നു സര്‍വേ വിധിയെഴുതിയത്. കേരള മുഖ്യമന്ത്രി പിണറായി വിജയന് സര്‍വേയില്‍ 19-ാം സ്ഥാനത്തെത്തി.
യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പട്ടികയില്‍ 22 മതാണ്. മാത്രമല്ല പട്ടികയില്‍ ആദ്യ പത്ത് സ്ഥാനങ്ങളിലെത്തിയ മുഖ്യമന്ത്രിമാരില്‍ രണ്ട് പേര് മാത്രമാണ് ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ളൂ എന്നതും ശ്രദ്ധേയമാണ്. 18.7 ശതമാനം പേര് മാത്രമാണ് തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസ്വാമിയുടെ ഭരണത്തില്‍ തൃപ്തി രേഖപ്പെടുത്തിയുള്ളൂ എന്നാണു സര്‍വേ ഫലങ്ങള്‍ കാണിക്കുന്നത്.