പത്തനംതിട്ട:
ബി.ജെ.പി.യുടെ സ്ഥാനാർത്ഥിപ്പട്ടിക നിർണയവും പ്രഖ്യാപനവും വൈകിച്ചത് പത്തനംതിട്ട മണ്ഡലത്തെച്ചൊല്ലിയുള്ള തർക്കമായിരുന്നു. പട്ടിക പ്രഖ്യാപനത്തെക്കുറിച്ചുള്ള ആകാംക്ഷയിലായിരുന്നു കേരളത്തിലെ ബി.ജെ.പി. പ്രവർത്തകർ. സ്ഥാനാർത്ഥി നിർണയം എളുപ്പം പൂർത്തിയാക്കുകയാണ് പതിവുരീതി. എന്നാൽ, ഇക്കുറി തീരുമാനം നീണ്ടു. പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ആരാകുമെന്ന സസ്പെന്‍സ് ഇത് വരെയും അവസാനിച്ചിട്ടില്ല. അതിനിടെ മുന്‍ കേന്ദ്രമന്ത്രി ആയിരുന്ന കോണ്‍ഗ്രസിലെ ദേശീയ നേതാവ് മറുകണ്ടം ചാടി താമര ചിഹ്നത്തില്‍ മത്സരിക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.
എന്നാല്‍ ഇക്കാര്യം ബി.ജെ.പി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ സ്ഥിരീകരിക്കാന്‍ തയ്യാറല്ല. ആര്‍ക്കോ വേണ്ടി വലവിരിച്ച് കാത്തിരിക്കുകയാണ് ബി.ജെ.പിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അടക്കം പറച്ചില്‍. കെ.സുരേന്ദ്രനും സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയും പത്തനംതിട്ടയ്ക്ക് വേണ്ടി രംഗത്തുള്ളപ്പോഴും അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി വരുമെന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്‍റെ പ്രമുഖനെ അടര്‍ത്തിയെടുത്ത് പത്തനംതിട്ടയില്‍ രംഗത്തിറക്കിയാല്‍ മണ്ഡലം പിടിക്കാമെന്നും ഇതുവഴി അപ്രതീക്ഷിത ഷോക്ക് എതിരാളികള്‍ക്ക് നല്‍കാമെന്നും ബി.ജെ.പി. നേതൃത്വം കണക്കു കൂട്ടുന്നുണ്ട്.
രണ്ടു കോണ്‍ഗ്രസ് നേതാക്കളുമായി ബി.ജെ.പി. കേന്ദ്ര നേതൃത്വം സംസാരിച്ചുവെന്നും ഇതില്‍ ഒരാള്‍ മറുകണ്ടം ചാടി മത്സരിക്കാന്‍ പാതിമനസോടെ നില്‍ക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ദേശീയ നേതൃത്വത്തിന്‍റെ ഈ നീക്കം സംസ്ഥാനത്തെ നേതാക്കള്‍ അറിഞ്ഞിട്ടില്ലെന്നും വിവരമുണ്ട്. പത്തനംതിട്ടയില്‍ സസ്പെന്‍സോ സര്‍പ്രൈസോ ഇല്ലെന്നും സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി ഉടന്‍ പ്രഖ്യാപിക്കുമെന്നുമാണ് രാവിലെ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചത്.
കോണ്‍ഗ്രസ് നേതാക്കള്‍ ഇനിയും ബി.ജെ.പിയില്‍ എത്തുമെന്ന് ശ്രീധരന്‍പിള്ള ആവര്‍ത്തിച്ച് പറയുമ്പോഴും പ്രമുഖര്‍ ആരെങ്കിലുമാണോ എന്ന ആകാംക്ഷ രാഷ്ട്രീയ കേരളത്തിനുണ്ട്. ടോം വടക്കന്‍റെ പോക്ക് കോണ്‍ഗ്രസിന് കാര്യമായ ക്ഷീണമുണ്ടാക്കില്ലെങ്കിലും പുതിയ നീക്കം അത്തരത്തിലല്ലെന്നാണ് ബി.ജെ.പി. കേന്ദ്രങ്ങളിലെ അടക്കംപറച്ചില്‍. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്നില്ലെങ്കില്‍ തൃശൂര്‍ സീറ്റ് ബി.ഡി.ജെ.എസില്‍ നിന്നും വാങ്ങി കെ.സുരേന്ദ്രനെ അവിടെ മത്സരിപ്പിക്കാനാണ് ബി.ജെ.പി. ആലോചിക്കുന്നത്. ഇതുവഴി കോണ്‍ഗ്രസില്‍ നിന്നും വരുന്ന പ്രമുഖന് പത്തനംതിട്ട തടസ്സമില്ലാതെ നല്‍കാനാകുമെന്നും കേന്ദ്ര നേതൃത്വം കണക്കുകൂട്ടുന്നു.