Fri. Nov 22nd, 2024
തിരുവനന്തപുരം:

ഗവേഷണങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധിച്ചു കൊണ്ട്, കാസർഗോഡ് കേന്ദ്ര സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസിൽ നിന്ന് ഡോ. മീന. ടി. പിള്ള രാജി വെച്ചു. കേരള സർവകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിലെ പ്രൊഫസറും കൂടിയാണ് ഡോ.മീന.
ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ മാത്രം ഇനി മുതൽ പി.എച്ച്.ഡി അനുവദിച്ചാൽ മതിയെന്നാണ് 2018 ഡിസംബർ 15 നു ശാസ്ത്രി ഭവനിൽ നടന്ന വൈസ് ചാൻസിലർമാരുടെ യോഗത്തിൽ തീരുമാനമായത്.

കേന്ദ്ര മാനവ വികസന മന്ത്രാലയവും, യു.ജി.സി.യും കേന്ദ്ര സർവകലാശാലകളും നടത്തിയ മീറ്റിങ്ങിലാണ് അപ്രസക്തമായ വിഷയങ്ങളിലുള്ള ഗവേഷണങ്ങൾ നിരുത്സാഹപ്പെടുത്തണമെന്ന പേരിൽ ഇനി മുതലുള്ള ഗവേഷണ വിഷയങ്ങൾ ദേശീയ പ്രാധാന്യമുള്ളവ മാത്രമായിരിക്കണമെന്ന് നിർദ്ദേശിക്കുന്നത്. ഇത്തരമൊരു നടപടി വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും വിഷയം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്ന വിമർശനം അക്കാഡമിക് സമൂഹത്തിൽ നിന്നും ഉയർന്നു കഴിഞ്ഞു. കൂടാതെ ഗവേഷണങ്ങൾ ഒരു പ്രത്യേക ദിശയിലേക്ക് മാത്രം വഴിതിരിച്ചുവിടാനുള്ള വലതു പക്ഷ രാഷ്ട്രീയ തന്ത്രമായും ഇതിനെ വിലയിരുത്തുന്നുണ്ട്. ഇനങ്ങനെയൊരു ഉത്തരവ് പ്രാബല്യത്തിൽ വന്നു കഴിയുമ്പോൾ പാർശ്വ വൽക്കരിക്കപ്പെട്ടവരുടെയും, വലതു പക്ഷ രാഷ്ട്രീയ അജണ്ടകൾക്കെതിരായതുമായ ഗവേഷണങ്ങൾ ഇല്ലാതാവും.

ദളിതരുടെയും, ആദിവാസി ഗോത്ര വിഭാഗങ്ങളുടെയും പോരാട്ടങ്ങളും ചെറുത്തുനിൽപ്പുകളും സിലബസിൽ നിന്നെടുത്തു മാറ്റാൻ ശ്രമിക്കുന്ന സംഘപരിവാർ രാഷ്ട്രീയ നീക്കം തന്നെയാണ് ഇതിന്റെ പിന്നിലും.
ഇത്തരം നടപടികളോടുള്ള പ്രതിഷേധമെന്നോണമാണ് ഡോ. മീന. ടി. പിള്ളയുടെ രാജി.

ഗവേഷണ വിഷയങ്ങളിന്മേലുള്ള നിയന്ത്രണം, അക്കാഡമിക മേഖലയിലുള്ള വിമർശനങ്ങളെയും വിയോജിപ്പുകളെയും ഇല്ലാതാക്കുന്നതാണ്. ഇത് ഗവേഷണങ്ങളുടെ സ്വത്വത്തെ തന്നെ മോശമായി ബാധിക്കുമെന്ന് ഡോ. മീന പറഞ്ഞു.

By Ishika

Leave a Reply

Your email address will not be published. Required fields are marked *