തിരുവനന്തപുരം:
പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടാല്‍ ശൗചാലയം ഉപയോഗിക്കാന്‍ സൗകര്യം നല്‍കണമെന്ന് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. കൊല്ലം കടയ്ക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കിടെ ശൗചാലയത്തില്‍ പോകാന്‍ അനുവദിക്കാതിരുന്നതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി പരീക്ഷാഹാളില്‍ മലമൂത്രവിസര്‍ജനം നടത്തിയിരുന്നു. കഴിഞ്ഞ ചൊവാഴ്ചയായിരുന്നു സംഭവം.
രസതന്ത്രം പരീക്ഷയ്ക്കിടെ കടുത്ത വയറുവേദന അനുഭവപ്പെട്ട വിദ്യാര്‍ത്ഥി, ടീച്ചര്‍ ബാത്ത്‌റൂമില്‍ പോകാന്‍ അനുവദിക്കാഞ്ഞതിനെ തുടര്‍ന്ന് പരീക്ഷാ ഹാളില്‍ തന്നെ മലമൂത്ര വിസര്‍ജനം നടത്തി. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ടീച്ചറെ വിവരം ധരിപ്പിച്ചെങ്കിലും ക്ലാസിനു പുറത്തേക്ക് വിടാന്‍ ടീച്ചര്‍ തയ്യാറായില്ല.
പലതവണ ആവശ്യപ്പെട്ടെങ്കിലും ടീച്ചര്‍ അനുവാദം നല്‍കിയില്ല. ടീച്ചര്‍ കുട്ടിയുടെ ആവശ്യം പരീക്ഷാ ചീഫ് സൂപ്രണ്ടിനെയോ ഡെപ്യൂട്ടി സൂപ്രണ്ടുമാരെയോ അറിയിക്കുകയും ചെയ്തിരുന്നില്ല. പരീക്ഷാസമയം കഴിഞ്ഞശേഷമാണ് സ്‌കൂള്‍ അധികൃതര്‍ കുട്ടി മലമൂത്ര വിസര്‍ജ്ജനം ചെയ്ത കാര്യം തിരിച്ചറിയുന്നത്. വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ അധ്യാപികയ്‌ക്കെതിരെ കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി. അധ്യാപികയുടെ പിടിവാശിമൂലം മകന് കടുത്ത മാനസിക സംഘര്‍ഷമനുഭവിക്കേണ്ടിവന്നുവെന്നും, അതിനാല്‍ വേണ്ടവിധം പരീക്ഷയെഴുതാനായില്ലെന്നും പരാതിയില്‍ പറയുന്നു. മികച്ച വിജയം നഷ്ടപ്പെടുത്തിയ അധ്യാപികയ്‌ക്കെതിരേ നടപടിയെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.
ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്. കുട്ടികള്‍ക്ക് ശൗചാലയം ഉപയോഗിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ പരീക്ഷാ ചീഫ് സൂപ്രണ്ട് ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷയെഴുതാനെത്തുന്ന കുട്ടികള്‍ക്ക് യാതൊരുവിധ മാനസികസംഘര്‍ഷവും കൂടാതെ പരീക്ഷയെഴുതാനുള്ള സൗകര്യം ചീഫ് സൂപ്രണ്ടുമാര്‍ ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. കടുത്ത വേനല്‍ പരിഗണിച്ച് പരീക്ഷാകേന്ദ്രങ്ങളില്‍ കുട്ടികള്‍ക്ക് കുടിവെള്ളം ഉറപ്പാക്കണമെന്ന് നേരത്തേ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ശൗചാലയം ഉപയോഗിക്കാനുള്ള സൗകര്യംകൂടി വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച് ഉത്തരവിറക്കിയത്.
സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരേ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ അധ്യക്ഷന്‍ പി. സുരേഷും കേസെടുത്തു. അധ്യാപികയുടെ നിലപാട് കുട്ടിക്ക് കടുത്ത മാനസികസംഘര്‍ഷത്തിനിടയാക്കുകയും സുഗമമായി പരീക്ഷയെഴുതാന്‍ സാധിക്കാതെയുമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.