ഹെൽസിങ്കി:
ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള ആളുകൾ ഫിൻലാന്റുകാരാണെന്ന് പുതിയ സർവ്വേ. കഴിഞ്ഞ വർഷത്തെ കണക്കിലെടുപ്പിലും ഫിൻലാന്റ് തന്നെയായിരുന്നു മുന്നിൽ. കഴിഞ്ഞ വർഷത്തെക്കാൾ ഏഴ് സ്ഥാനങ്ങൾ പിന്നിലായി 140 ാം സ്ഥാനത്താണ് ഇന്ത്യയുടെ റാങ്കിങ്. 2018 ൽ ഇന്ത്യ 133 ാം സ്ഥാനത്തായിരുന്നു. 2019 മാർച്ച് വരെയുള്ള കണക്കെടുപ്പാണ് ഇത്. യെമൻ, സിറിയ, ബോട്സ്വാന, വെനിസ്വേല എന്നീ രാജ്യങ്ങൾ സന്തോഷത്തിന്റെ കാര്യത്തിൽ വളരെ പിന്നിലായതായും, ഈ രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
നോർഡിക് രാഷ്ട്രങ്ങൾ സർവ്വേയിൽ തുടർച്ചയായി നല്ല പ്രകടനം കാഴ്ചവെച്ചു. ഫിൻലാന്റിനെ കൂടാതെ ആദ്യ അഞ്ചു സ്ഥാനങ്ങളിൽ നോർഡിക് രാഷ്ട്രങ്ങളായ ഡെൻമാർക്ക്, നോർവെ, ഐസ്‌ലാന്റ് എന്നീ രാജ്യങ്ങളും അഞ്ചാമതായി നെതർലാന്റ്സും വന്നു.
ബുധനാഴ്ച പുറത്തുവിട്ട 156 രാജ്യങ്ങളുടെ വാർഷിക റാങ്കിംഗിൽ, ആയുർ ദൈർഘ്യം, ക്ഷേമ പിന്തുണ, സാമൂഹിക സ്വാതന്ത്ര്യം, ഉദാരത, സർക്കാർ, ബിസിനസ് മേഖലകളിൽ അഴിമതിയുടെ അഭാവം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ച് വിവിധ രാജ്യങ്ങളിലെ പൗരൻമാർ, തങ്ങൾ സന്തുഷ്ടരാണോ എന്ന് സ്വയം എത്രത്തോളം കരുതുന്നു എന്നതാണ് കണക്കിലെടുത്തത്.
വെനിസ്വേലൻ പ്രതിസന്ധിയുടെ ആഘാതം അവിടുത്തെ ജനതയുടെ സന്തോഷത്തെ എത്രമാത്രം പ്രതികൂലമായി ബാധിച്ചു എന്നതും സർവ്വേയുടെ കണ്ടത്തെലുകളിൽ പ്രധാനമായി സൂചിപ്പിക്കുന്നു.
റുവാണ്ട, ടാൻസാനിയ, അഫ്ഗാനിസ്ഥാൻ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്, സൗത്ത് സുഡാൻ എന്നിവയാണ് ഇൻഡെക്‌സിൽ ഏറ്റവും താഴെയുള്ളത്.
ഈ വർഷത്തെ റിപ്പോർട്ട് “സന്തോഷവും സമൂഹവും” എന്നതിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. സാമൂഹികമാധ്യമങ്ങൾ, ടെക്നോളജി, സാമൂഹിക മാനദണ്ഡങ്ങൾ, സംഘർഷങ്ങൾ, സർക്കാർ നയങ്ങൾ എന്നിവ ജനങ്ങളുടെ ജീവിതത്തിൽ വഹിക്കുന്ന പങ്കിലും സർവ്വേ ശ്രദ്ധ കേന്ദ്രീകരിച്ചു.
2019 ലെ സർവ്വേയിൽ ജർമ്മനി 17 ാം സ്ഥാനത്താണ്. 2018 ലെ സർവ്വേയിൽ നിന്നും രണ്ട് സ്ഥാനങ്ങൾ താഴേയാണ് ഇത്. സമീപ വർഷങ്ങളിൽ അമേരിക്കയിലെ സന്തോഷത്തിന്റെ അളവ് കുറഞ്ഞുവെന്ന് റിപ്പോർട്ടിൽ പറയുന്നു. മയക്ക് മരുന്ന് ഉപയോഗവും അഡിക്ഷനും ആണ് കാരണമായി പറയുന്നത്.
കഴിഞ്ഞ ദശകത്തിൽ വെനിസ്വേലയിൽ സന്തോഷത്തിന്റെ അളവ് നാടകീയമായി കുറഞ്ഞു, ഇപ്പോൾ 108-ാം സ്ഥാനത്താണ്. തെക്കേ അമേരിക്കൻ രാജ്യമായ വെനിസ്വേലയിൽ രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധികൾ ഭക്ഷ്യ-വൈദ്യശാസ്ത്ര രംഗത്ത് ഉണ്ടാക്കിയ അപര്യാപ്തത ആണ് കാരണം.
യു.എൻ. സുസ്ഥിര വികസന സൊല്യൂഷൻസ് നെറ്റ്വർക്ക് (UN Sustainable Development Solutions Network ) ആണ് സർവ്വേ കമ്മീഷൻ ചെയ്തത്. ലോക സന്തോഷ ദിനാചരണത്തിന്റെ ഭാഗമായാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.