ചെന്നൈ:
കമൽ ഹാസൻ നേതൃത്വം നൽകുന്ന മക്കൾ നീതി മയ്യം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 21 ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എന്നാല്‍, കമല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
മത്സരിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും, എന്നാല്‍ തീരുമാനമെടുക്കേണ്ടതു പാര്‍ട്ടിയാണെന്നും കമല്‍ പറഞ്ഞു. മാര്‍ച്ച് 24 ന് അന്തിമ പട്ടിക പുറത്തിക്കുമ്പോള്‍ തന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് വ്യക്തമാകുമെന്നും കമല്‍ഹാസന്‍ പറഞ്ഞു. പാര്‍ട്ടി മാര്‍ച്ച് 24 ന് തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പുറത്തിറക്കുമെന്നും അദ്ദേഹം പറയുന്നു. ഏപ്രില്‍ 18 നാണ് തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ്.
രാമനാഥപുരം മണ്ഡലത്തില്‍ കമല്‍ മത്സരിക്കുമെന്ന് അഭ്യൂഹം ശക്തമായിരുന്നു. കമൽഹാസൻ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് ഒരു വിഭാഗം പ്രവർത്തകർ പറയുന്നത്. എന്നാൽ അസംബ്ലി തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് മറ്റൊരു വിഭാഗവും പറയുന്നുണ്ട്. 23 ന് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.
മക്കള്‍ നീതി മയ്യം പുറത്തു വിട്ട ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒരു വനിത മാത്രമാണ് ഇടം നേടിയിട്ടുള്ളത്. സെന്‍ട്രല്‍ ചെന്നൈ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന കമീല നാസര്‍ ആണ് പട്ടികയിലെ ഏക വനിതാ സ്ഥാനാര്‍ത്ഥി. ഒരു മുന്‍ഡിഐജി, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം മക്കള്‍ നീതി മയ്യത്തിന്റെ സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്.
അഴിമതിയും ജനകീയ പ്രശ്നങ്ങളും ഉയര്‍ത്തിയുള്ള ഗ്രാമസഭകളിലാണ് മക്കള്‍ നീതി മയ്യം പ്രവര്‍ത്തകർ ഇപ്പോള്‍. തമിഴ്നാട്ടിലെ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനിരിക്കെയാണ് നേതാക്കളിൽ ഒരാളായ സി കെ കുമാരവേൽ പാർട്ടി വിട്ടത്. തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയ അവസരത്തിൽ ഇത് പാർട്ടിയ്ക്ക് ക്ഷീണമായിരുന്നു. സ്വന്തക്കാരെ മാത്രം പരിഗണിക്കുന്ന രീതിയാണ് കമല്‍ഹാസന്റേതെന്ന് കുമാരവേല്‍ ആരോപിച്ചിരുന്നു. തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പാര്‍ട്ടി കുമാരവേലിനോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ അഭിപ്രായ വ്യത്യാസമാണ് രാജിയിലേക്ക് എത്തിയത്.
അതേസമയം കമൽ ഹാസൻ നേതൃത്വം നൽകുന്ന മക്കൾ നീതി മയ്യം പാർട്ടിയുമായി തിരഞ്ഞെടുപ്പിൽ സഹകരിക്കുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. തമിഴ്‌നാട്ടിൽ മധുരയിലും ദളിത് സമുദായത്തിനിടയിലും സ്വാധീനമുള്ള പാർട്ടിയാണ് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ. ഇവർക്ക് മക്കൾ നീതി മയ്യം ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് നൽകും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നു സീറ്റ് നൽകുമെന്നാണ് ധാരണ.