Sat. Apr 20th, 2024
പൂഞ്ഞാർ:

പത്തനംതിട്ട മണ്ഡലത്തിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്നും പി.സി. ജോർജും അദ്ദേഹത്തിന്റെ ജനപക്ഷം പാർട്ടിയും പിൻവാങ്ങി. താന്‍ പത്തനംതിട്ടയില്‍ മത്സരിക്കുമെന്നും, ഒന്നേമുക്കാല്‍ ലക്ഷം വോട്ടിനു ജയിക്കുമെന്നും ജോര്‍ജ്‌ അവകാശപ്പെട്ടിരുന്നു. പത്തനംതിട്ടയില്‍ തിരഞ്ഞെടുപ്പ്‌ കണ്‍വന്‍ഷനും വിളിച്ചിരുന്നു. എന്നാൽ നാടകീയമായ നീക്കങ്ങളിലൂടെ കോൺഗ്രസ്സ് നേതാക്കൾ ഇടപ്പെട്ടു ജോർജിനെ പിന്തിരിപ്പിക്കുകയായിരുന്നു.

പി.സി. ജോര്‍ജിന്റെ സ്‌ഥാനാര്‍ത്ഥിത്വം പത്തനംതിട്ടയില്‍ ഇടതു സ്‌ഥാനാര്‍ത്ഥിക്ക്‌ അനുകൂല സാഹചര്യമൊരുക്കുമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണു മത്സരത്തില്‍നിന്നുള്ള പിന്മാറ്റമെന്നു സംസ്‌ഥാന നേതൃത്വം വ്യക്‌തമാക്കി. കോണ്‍ഗ്രസ്‌ നേതാക്കളുമായി സംസാരിച്ചതിന്റെ അടിസ്‌ഥാനത്തിലാണു ജനപക്ഷം മത്സരത്തില്‍നിന്നു പിന്മാറുന്നതെന്നും അറിയിച്ചു. ജനപക്ഷം പാർട്ടി ചെയർമാൻ പി.സി ജോർജ്, വൈസ് ചെയർമാൻ ഇ.കെ ഹസ്സൻ കുട്ടി, വൈസ് ചെയർമാൻ എസ്. ഭാസ്കരപ്പിള്ള, ജനറൽ സെക്രട്ടറി കെ.കെ ചെറിയാൻ എന്നിവർ സംയുക്തമായി ഇറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ശബരിമല വിഷയത്തില്‍ ജനപക്ഷം പാര്‍ട്ടി ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. നിയമസഭയില്‍ ഒ.രാജഗോപാലിനൊപ്പം കറുപ്പുടുത്തെത്തിയും പി.സി. ജോര്‍ജ് ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ബി.ജെ.പി-എന്‍.ഡി.എ. മുന്നണിയുമായുള്ള സഹവാസം അവസാനിപ്പിക്കാനും യു.ഡി.എഫിലേക്ക് തിരികെയെത്താനുമുള്ള നീക്കമാണ് പൂഞ്ഞാര്‍ എം.എല്‍.എ നടത്തുന്നത്. യു.ഡി.എഫിനൊപ്പം നില്‍ക്കണമെന്നാണു പാര്‍ട്ടിയിലെ പൊതുവികാരം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേരള കോണ്‍ഗ്രസ് എമ്മുമായും കെ.എം. മാണിയുമായും തെറ്റിപ്പിരിഞ്ഞാണ് പിസി ജോര്‍ജ്, യു.ഡി.എഫില്‍ നിന്ന് പുറത്തിറങ്ങിയത്. പിന്നീട് ഒറ്റയ്ക്ക് നിന്ന് അത്റഭുതകാരനായി പൂഞ്ഞാറില്‍ വിജയക്കൊടി പാറിച്ചു. ഏറെക്കാലം ആരുമായും സഹകരിക്കാതെ സ്വതന്ത്ര നിലപാടുമായി ജോര്‍ജ് മുന്നോട്ട് പോയി. പക്ഷെ വീണ്ടും യു.ഡി.എഫ്. പാളയത്തിലേക്ക് തന്നെയാണ് ജോർജ്ജിന്റെ നോട്ടം.

ജോര്‍ജിനെ സ്വീകരിക്കുന്നതിനെപ്പറ്റി യു.ഡി.എഫില്‍ ഭിന്നാഭിപ്രായം ഉണ്ടായിരുന്നെങ്കിലും ജോര്‍ജിന്റെ നിയമസഭാ മണ്ഡലമായ പൂഞ്ഞാര്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ജനപക്ഷത്തിന്റെ നിലപാട്‌ നിര്‍ണായകമായ സാഹചര്യത്തില്‍ പിന്തുണ സ്വീകരിക്കാനാണ്‌ യു.ഡി.എഫ്‌. നേതൃത്വത്തിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *