ന്യൂഡൽഹി:
ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സാമൂഹിക മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടമായി. വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് ഫേസ്ബുക്ക് , ട്വിറ്റര്‍, വാട്ട്‌സാപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴി പരസ്യങ്ങള്‍ ഉള്‍പ്പടെ യാതൊരു തരത്തിലുള്ള രാഷ്ട്രീയ പ്രചാരണങ്ങളും അനുവദിക്കുന്നതല്ല. അത്തരം ഉള്ളടക്കങ്ങള്‍ പ്രത്യക്ഷപ്പെട്ടാൽ, ഉടനടി നീക്കം ചെയ്യുമെന്നും സാമൂഹിക മാധ്യമങ്ങള്‍ക്കായി തയ്യാറാക്കിയ പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു.
രാഷ്ട്രീയ പരസ്യങ്ങള്‍ അബദ്ധത്തില്‍ കടന്നുകൂടിയാല്‍ പരമാവധി മൂന്നു മണിക്കൂറിനുള്ളില്‍ പിന്‍വലിക്കണമെന്നും ചട്ടങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നു മുതല്‍ ചട്ടങ്ങള്‍ പാലിച്ചായിരിക്കും സാമൂഹിക മാധ്യമങ്ങളുടെ പ്രവര്‍ത്തനമെന്നും പ്രതിനിധികള്‍ ഉറപ്പ് നല്‍കി. സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമിതിയുടെ വിലയിരുത്തലിനും അംഗീകാരത്തിനും ശേഷം മാത്രമേ സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുകയുള്ളൂ. നോഡല്‍ ഓഫീസറുടെ അനുമതി ലഭിക്കാതെ തിരഞ്ഞെടുപ്പ് സംബന്ധിച്ച ഒന്നും പ്രസിദ്ധീകരിക്കില്ലെന്ന് യൂട്യൂബും ഗൂഗിളും വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ഇംഗ്ലീഷിലും ഹിന്ദിയിലും, മറ്റു പ്രാദേശിക ഭാഷകളിലും പ്രത്യേക ഉദ്യോഗസ്ഥരെയും ടീമിനെയും നിയമിക്കുമെന്നും യൂട്യൂബ് അറിയിച്ചു.