Sat. Apr 20th, 2024
കൊല്ലം:

ഓച്ചിറയില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസ്സ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് നടപടി. കേസ് ഏപ്രില്‍ 25-ന് തിരുവനന്തപുരം കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും. പരാതി ലഭിച്ചിട്ടും കാര്യക്ഷമമായി പോലീസ്, കേസ്സ് അന്വേഷിച്ചില്ലെന്നും സമാനസംഭവം മുന്‍പുണ്ടായിട്ടും, കാര്യക്ഷമമായ തുടര്‍നടപടിയുണ്ടായില്ലെന്നും ആക്ഷേപമുള്ളതായും കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാര്‍ ചൂണ്ടിക്കാട്ടി.

ഓച്ചിറയ്ക്കടുത്ത് വാടകയ്ക്കുതാമസിച്ച് കരകൗശലവസ്തുക്കള്‍ നിര്‍മ്മിച്ചു വില്‍ക്കുന്ന രാജസ്ഥാന്‍കാരുടെ കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടിയെ തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് കാറിലെത്തിയ നാലംഗസംഘം തട്ടിക്കൊണ്ടുപോയത്. കുട്ടിയെ ഇത് വരെ കണ്ടെത്താനായില്ല. അതിനിടെ സംഭവത്തിന്റെ സൂത്രധാരനും ഗുണ്ടാനേതാവുമായ ഓച്ചിറ പായിക്കുഴി മോഴൂര്‍ത്തറയില്‍ പ്യാരി (19), കേസിലെ മറ്റു പ്രതികളായ ചങ്ങന്‍കുളങ്ങര തണ്ടാശേരി തെക്കതില്‍ വിപിന്‍ (20), പായിക്കുഴി കുറ്റിത്തറയില്‍ അനന്തു (20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒന്നാംപ്രതി ഓച്ചിറ മേമന തെക്ക് കന്നിട്ടയില്‍ മുഹമ്മദ് റോഷനെ ഇതുവരെ കണ്ടെത്താനായില്ല. ഇയാള്‍ പെണ്‍കുട്ടിയുമായി ബെംഗളൂരുവിലേക്ക് കടന്നെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ഒന്നര മാസം മുന്‍പും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമുണ്ടായി. അന്ന് നാട്ടുകാര്‍ രക്ഷകരായതോടെ അക്രമികള്‍ പിന്‍വാങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *