ന്യൂഡൽഹി:
കാവലാള്‍ എന്ന് അര്‍ത്ഥമുളള ചൗക്കിദാര്‍ എന്ന പദപ്രയോഗം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതില്‍ നിന്ന് രാഷ്ട്രീയപാര്‍ട്ടികളെ തടയണമെന്ന് സി.ഐ.ടി.യു. തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ചൗക്കിദാര്‍മാരുടെ യഥാര്‍ത്ഥ ജീവിതം ദുരിതപൂര്‍ണമാണ് എന്ന കാര്യം ഓര്‍മ്മിപ്പിച്ച് സിഐടിയു വൈസ് പ്രസിഡന്റ് ജെ.എസ്. മജുംദാര്‍, തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.
സാമൂഹിക അനീതിയും, സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടുന്നവരാണ് കാവല്‍ക്കാര്‍. മതിയായ തൊഴില്‍ സുരക്ഷിതത്വമോ, സാമൂഹിക സംരക്ഷണമോ അവര്‍ക്ക് ലഭിക്കുന്നില്ല. ഈ പശ്ചാത്തലത്തില്‍ ചൗക്കിദാര്‍ എന്ന പദപ്രയോഗം പ്രചാരണത്തിന് ഉപയോഗിക്കുന്നതില്‍ നിന്ന് രാഷ്ട്രീയപാര്‍ട്ടികളെ തടയണമെന്ന് കത്തില്‍ പറയുന്നു. ചൗക്കിദാരി ആക്ടില്‍, ചൗക്കിദാര്‍ ഒരു തൊഴില്‍ ആണ് എന്ന കാര്യം പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും സി.ഐ.ടി.യു. ആരോപിക്കുന്നു.