ന്യൂഡൽഹി :
14000 കോടിയുടെ വായ്പാത്തട്ടിപ്പു നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയെ ലണ്ടനിലെ മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റു ചെയ്തത് ലോക്സഭാ തിരഞ്ഞെടുപ്പിൽ മുതലെടുക്കാൻ ബി.ജെ.പി. ശ്രമം. “ഒളിവിൽ പോകാൻ കഴിഞ്ഞേക്കും പക്ഷേ രാജ്യത്തിന്റെ ചൗക്കിദാറിൽ (കാവൽക്കാരൻ) നിന്നു രക്ഷപ്പെടാൻ നിങ്ങൾക്കു കഴിയില്ല,” എന്നായിരുന്നു നീരവ് മോദിയുടെ അറസ്റ്റ് കേന്ദ്ര സർക്കാരിന്റെ വിജയമായി വാഴ്ത്തി കേന്ദ്രമന്ത്രി ഹർദീപ് പുരിയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ഇതോടെ പാകിസ്ഥാൻ ഭീകര കേന്ദങ്ങൾക്കു നേരെ സൈന്യം നടത്തിയ മിന്നലാക്രമണങ്ങൾ ബി.ജെ.പി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന പോലെ ഈ കേസും ഉപയോഗിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
എന്നാൽ, കേന്ദ്ര മന്ത്രിയുടെ ട്വീറ്റിന് ചുട്ട മറുപടിയാണ് നിമിഷങ്ങൾക്കകം നാഷനൽ കോൺഫറൻസ് മേധാവി ഒമർ അബ്ദുല്ല കൊടുത്തത്. “ലണ്ടനിലെ ടെലഗ്രാഫ് പത്രവും അവരുടെ കറസ്പോണ്ടന്റുമാണ് ഒളിവിലായിരുന്ന നീരവ് മോദിയെ കണ്ടെത്തിയത്. ബി.ജെ.പിയുടെ വീമ്പുപറച്ചിൽ കേട്ടാൽ തോന്നും പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ അന്വേഷണ സംഘങ്ങളുമാണ് അയാളെ കണ്ടുപിടിച്ചതെന്ന്. ഓക്സ്ഫഡ് സ്ട്രീറ്റിൽ അല്ലലേതുമില്ലാതെ കറങ്ങിനടക്കാൻ നീരവ് മോദി കാണിച്ച അഹങ്കാരം അപാരം തന്നെ,” എന്നായിരുന്നു ഒമർ തന്റെ ട്വിറ്ററിൽ കുറിച്ചത്.
നീരവ് മോദിയെ ഇന്ത്യ വിടാൻ സഹായിക്കുകയാണു ബി.ജെ.പി. ചെയ്തതെന്നും, ഇപ്പോൾ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് അയാളെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുകയാണെന്നും, തിരഞ്ഞെടുപ്പു കഴിഞ്ഞാൽ വീണ്ടും രക്ഷപ്പെടാൻ സഹായിക്കുമെന്നുമായിരുന്നു കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ പ്രതികരണം
നീരവ് മോദിയുടെ വിവരങ്ങൾ ലോകത്തെ അറിയിച്ച മാധ്യമ പ്രവർത്തകനെയാണ് അഭിനന്ദിക്കേണ്ടതെന്നു മമത ബാനർജി അഭിപ്രായപ്പെട്ടു. “വജ്ര വ്യാപാരിയുടെ അറസ്റ്റ് ബി.ജെ.പിയുടെ തന്ത്രമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തന്ത്രമാണ് അറസ്റ്റ്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പല തന്ത്രങ്ങളും കാണേണ്ടി വരുമെന്നും,” മമത ആരോപിച്ചു.
നീരവ് മോദിയുടെ അറസ്റ്റിന്റെ പേരിലുള്ള അവകാശവാദങ്ങൾ തിരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള ബി.ജെ.പിയുടെ പ്രതീകാത്മക നീക്കമെന്നാണു കോൺഗ്രസ് വാദം. ലണ്ടനിലെ സംഭവവികാസങ്ങൾ കേന്ദ്രത്തിന്റെ നേട്ടമായി കാണാനാകില്ലെന്നും പ്രതിപക്ഷം പറയുന്നു.