മുംബൈ:
മുതിർന്ന രണ്ട് ആൺ മക്കളുള്ള പ്രായമായ ദമ്പതികൾ അവിചാരിതമായി ഗർഭം ധരിക്കുകയും, ഇതേ തുടർന്ന് ഉണ്ടാവുന്ന സംഘർഷങ്ങളും മറ്റും രസകരമായി അവതരിപ്പിച്ച ബോളിവുഡ് ചിത്രം ‘ബധായി ഹോ’ മലയാളത്തിൽ റീമേക്ക് ചെയ്യാൻ ഒരുങ്ങി നിർമ്മാതാവ് ബോണി കപൂർ. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റീമേക്ക് ചെയ്യപ്പെടും. കഴിഞ്ഞ വർഷം ബോളിവുഡിലെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുള്ള ചിത്രമായിരുന്നു ആയുഷ്മാൻ ഖുറാന നായകനായി അഭിനയിച്ച ‘ബധായി ഹോ’.
‘ബധായി ഹോ’യുടെ കേന്ദ്ര ആശയത്തിന് സമാനമായ കഥ പറഞ്ഞ ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘പവിത്രം’ ബോണി കപൂർ കണ്ടിട്ടുണ്ടോ എന്ന് അറിവില്ല. എന്തായാലും പവിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്ത സമയത്ത് പരാജയമായിരുന്നു.
‘ബധായി ഹോ’ ദക്ഷിണേന്ത്യൻ ഭാഷകളിലേക്ക് റീമേക്ക് ചെയ്യാനുള്ള അവകാശം ബോണി കപൂറിന്റെ പ്രൊഡക്ഷൻ കമ്പനി ‘ബേവ്യൂ’ വാങ്ങിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. അമിതാഭ് ബച്ചനും, തപ്‌സി പന്നുവും പ്രധാന വേഷത്തിലെത്തിയ ‘പിങ്ക്’ എന്ന ചിത്രവും ബോണി കപൂർ തമിഴിൽ റീമേക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. അജിത് കുമാറിനെ നായകനാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
സമാനമായി, കങ്കണ റനൗത് നായികയായ ‘ക്വീൻ’ എന്ന ഹിറ്റ് ബോളിവുഡ് ചിത്രം മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ മനു കുമാരന്റെ നിർമ്മാണത്തിൽ റീമേക്ക് ചെയ്യപ്പെടുകയും റിലീസ് കാത്തിരിക്കുകയുമാണ്. ‘സം സം’ (Zam Zam) എന്നാണ് മലയാളത്തിലെ ചിത്രത്തിന്റെ പേര്, കങ്കണ റനൗത് ചെയ്ത വേഷത്തിൽ മഞ്ജിമ മോഹനാണ് അഭിനയിച്ചിരിക്കുന്നത്.