പാലാ:
തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയില്‍ ഇന്ത്യന്‍ ദേശീയപതാക പ്രദര്‍ശിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി. ‘മെം ഭി ചൗക്കീദാര്‍’ എന്ന തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയ്‌ക്കെതിരെയാണ് പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
മെം ഭി ചൗക്കീദാര്‍ എന്ന മൂന്ന് മിനിറ്റ് 45 സെക്കന്റ് ദൈര്‍ഘ്യമുള്ള തിരഞ്ഞെടുപ്പ് വീഡിയോയില്‍ ആറിടത്ത് ഇന്ത്യന്‍ ദേശീയപതാക പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു. ദേശീയപതാക ഉപയോഗിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന ഫ്‌ളാഗ്‌കോഡ് 2002 ല്‍ ദേശീയപതാക പരസ്യ ആവശ്യത്തിന് ഉപയോഗിക്കുന്നത് കുറ്റകരമാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഫ്‌ളാഗ് കോഡിലെ ദുരുപയോഗം സെക്ഷന്‍ 5 ചട്ടം 29 പ്രകാരമാണ് ദേശീയപതാക പരസ്യത്തിനുപയോഗിക്കുന്നത് വിലക്കിയിട്ടുള്ളതെന്നും പരാതിയില്‍ എബി ജെ. ജോസ് ചൂണ്ടിക്കാട്ടി.