ചെന്നൈ:
സീറ്റുവിഭജനം പൂര്‍ത്തിയാക്കി ഇരുമുന്നണികളുടെയും പ്രധാന കക്ഷികള്‍ പ്രകടനപത്രികയും പുറത്തിറക്കിയതോടെ തമിഴ്‌നാട് പ്രചാരണത്തിന്റെ ചൂടിലമര്‍ന്നു. ഏപ്രില്‍ 18ന് രണ്ടാംഘട്ടമായാണ് തെരഞ്ഞെടുപ്പ്.
ചെന്നൈ അണ്ണാ അറിവാലയത്തില്‍ ചൊവ്വാഴ്ച ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിനും കനിമൊഴിയും പങ്കെടുത്ത ചടങ്ങിലായിരുന്നു ഡി.എം.കെയുടെ പ്രകടനപത്രിക പ്രകാശനം. കാര്‍ഷികവായ്പകള്‍ എഴുതിത്തള്ളുമെന്നാണ് പ്രധാന വാഗ്ദാനം. വിദ്യാഭ്യാസവായ്പയെടുത്ത വിദ്യാര്‍ത്ഥികള്‍ക്കും കടാശ്വാസം നല്‍കും. കൃഷിക്ക് പ്രത്യേക ബജറ്റ്, ദേശീയ പൊതുപ്രവേശന പരീക്ഷ (നീറ്റ്) നിര്‍ത്തലാക്കും, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സ്ത്രീകള്‍ക്ക് കച്ചവടം തുടങ്ങാന്‍ 50,000 രൂപ സഹായം, സ്‌കൂള്‍കോളേജ് വിദ്യാര്‍ഥികള്‍ക്ക് ട്രെയിനില്‍ സൗജന്യയാത്ര, മധുര, ട്രിച്ചി, കോയമ്പത്തൂർ, സേലം എന്നിവിടങ്ങളില്‍ മെട്രോ റെയില്‍, സേതുസമുദ്രം പദ്ധതി പുനരാരംഭിക്കും, രാജീവ് വധക്കേസിലെ പ്രതികളെ വിട്ടയക്കും എന്നിവയാണ് മറ്റ് പ്രധാന വാഗ്ദാനങ്ങള്‍.