പാലക്കാട്:
കാർഷിക മണ്ഡലം എന്നതോടൊപ്പം തന്നെ വ്യാവസായിക മേഖലയും കൂടിയാണ് പാലക്കാട്. അതുകൊണ്ടു തന്നെ വികസന വിഷയങ്ങൾ ഇത്തവണയും കാര്യമായി തന്നെ ചർച്ച ചെയ്യും. പത്തു വർഷം കൊണ്ട് നടപ്പാക്കിയ വികസനനേട്ടങ്ങളാണ് സിറ്റിംഗ് എം.പിയായ എം.ബി. രാജേഷ് എടുത്തുപറയുന്നത്. ഐ.ഐ.ടി, വിദ്യാഭ്യാസ മേഖലയിലെ പുരോഗതി, ആരോഗ്യമേഖലയിലെ നേട്ടങ്ങൾ എന്നിവ അക്കമിട്ടു പറയുന്നതോടൊപ്പം കോച്ച് ഫാക്ടറി പോലെയുള്ള വിഷയങ്ങളിൽ ബി.ജെ.പിയുടെ ഇരട്ടത്താപ്പു എടുത്ത് പറയാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്.
ഓപ്പൺ ജിംനേഷ്യം പോലെ, ജനകീയ ശ്രദ്ധ നേടിയ പദ്ധതികളും ഇത്തവണ തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ ഇടം നേടുന്നുണ്ട്. റെയിൽവേ രംഗത്ത് നേട്ടങ്ങളും രാജേഷ് അവകാശപ്പെടുന്നു. പാർലമെന്റേറിയൻ എന്ന നിലയിൽ സി.പി.എമ്മിന്റെ തിളക്കമുള്ള മുഖമായി മാറാൻ രാജേഷിനു കഴിഞ്ഞെന്നാണ് പാർട്ടി വിലയിരുത്തല്‍. അതേസമയം, എം.പിയുടെ അവകാശവാദം തെറ്റാണെന്നു യു.ഡി.എഫ്. പറയുന്നത്. കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നാണ് യു.ഡി.എഫ്. വാദം.
അരിവാളും കൈപ്പത്തിയും താമരയും ഒരു പോലെ ജനങ്ങളുടെ മനസ്സില്‍ പതിഞ്ഞ രാഷ്ട്രീയബോധം കോട്ടകെട്ടിയ പാലക്കാട് പിടിക്കാൻ മുന്നണികൾ സജീവ ശ്രമത്തിലാണ്. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ണാർക്കാട് ഒഴികെ എല്ലാ മണ്ഡലങ്ങളിലും ഇടതുമുന്നണിക്കു തന്നെയായിരുന്നു ലീഡ്. സോഷ്യലിസ്റ്റ് ജനതയുടെ എം.പി.വീരേന്ദ്രകുമാറിനെ 1,05,300 വോട്ടുകൾക്കാണ് കഴിഞ്ഞ തവണ എം.ബി.രാജേഷ് തോൽപ്പിച്ചത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ണാർക്കാടും പാലക്കാടും യുഡിഎഫാണ് നേടിയത്.
പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ, പാലക്കാട് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണു ലോക്സഭാ മണ്ഡലം. കോൺഗ്രസ് പ്രവർത്തകർക്കായി രാഹുൽ ഗാന്ധി അവതരിപ്പിച്ച ശക്തി മൊബൈൽ ആപ്പ് വഴി നടത്തിയ സർവ്വേയിൽ പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി ഏറ്റവും കൂടുതൽ പേർ പിന്തുണച്ചത് ഷാഫി പറമ്പിലിനെ ആയിരുന്നു എന്നാണ് സൂചന. മണ്ഡലം തിരിച്ചുപിടിക്കണമെങ്കിൽ ഷാഫി പറമ്പിൽ തന്നെ മത്സരിക്കണമെന്നായിരുന്നു ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരുടെ ഭൂരിപക്ഷ അഭിപ്രായം. എന്നാല്‍ അന്തിമ പട്ടിക വന്നപ്പോള്‍ ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്റെ പേരാണ് പാലക്കാട് സീറ്റിലേക്ക് പരിഗണിച്ചത്.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, മലമ്പുഴയിൽ കോൺഗ്രസിനെയും, പാലക്കാട് സി.പി.എമ്മിനെയും മൂന്നാം സ്ഥാനത്താക്കാൻ ബി.ജെ.പിക്കായത് അവരുടെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. അതുകൊണ്ടു തന്നെ ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലങ്ങളിൽ ഒന്നായിട്ടാണ് പാലക്കാട് കണക്കാക്കുന്നത്. പാർട്ടിക്കും ആർ.എസ്.എസിനും ആഴത്തിലുള്ള വേരുകളും ബി.ജെ.പിക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. ശോഭ സുരേന്ദ്രനും സി.കൃഷ്ണകുമാറും മത്സരിക്കാനായി രംഗത്തുണ്ട്. സമവായത്തിന്റെ ഭാഗമായി എ.എന്‍. രാധകൃഷ്ണനെ മത്സരിപ്പിക്കാനും സാധ്യതയുണ്ട്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ശോഭ സുരേന്ദ്രന് 136587 വോട്ടുകളാണ് ലഭിച്ചത്. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നാല്‍പതിനായിരത്തിലധികം വോട്ട് നേടി ശോഭ സുരേന്ദ്രന്‍ രണ്ടാം സ്ഥനത്ത് എത്തിയിരുന്നു. പാലക്കാട് സീറ്റില്‍ അവകാശവാദം ഉന്നയിക്കാന്‍ ശോഭ സുരേന്ദ്രന്‍ ഉയര്‍ത്തിക്കാട്ടുന്നത് ഇതൊക്കെയാണ്. എന്നാല്‍ പാലക്കാട് മണ്ഡലത്തിനകത്തുനിന്നുള്ള ആളുകള്‍ മത്സരിക്കണമെന്നാണ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാറിനെ പിന്തുണക്കുന്നവരുടെ വാദം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നാല്‍പത്തി ഏഴായിരത്തിലധികം വോട്ട് നേടി മലമ്പുഴ മണ്ഡലത്തില്‍ കൃഷ്ണകുമാര്‍ രണ്ടാം സ്ഥാനത്ത് എത്തി.
പാലക്കാടൻ മണ്ണിൽ തുടർച്ചയായി രണ്ട് വട്ടം ചെങ്കൊടി ഉയർത്തിയ നേതാവാണ് എം.ബി. രാജേഷ്. പാലക്കാടൻ കോട്ട കാത്ത എം.പി. എന്നതിലുപരി പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ ശബ്ദമായി മാറാനും രാജേഷിൻഉ കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രൂക്ഷ വിമർശകനും ചാനൽ ചർച്ചകളിലേയും പതിവ് സാന്നിധ്യവുമായ എം.ബി. രാജേഷിനെ തെരഞ്ഞെടുപ്പ് ഗോദയില്‍ മലര്‍ത്തിയടിക്കുന്നത് ഇരു പാര്‍ട്ടികള്‍ക്കും ശ്രമകരാമായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതേസമയം, പാർട്ടിക്കുള്ളിലെ ഗ്രൂപ്പുകളും വ്യക്തിവിരോധവും 3 മുന്നണികളെയും ദോഷമായി ബാധിക്കുന്നുണ്ട്.