ലണ്ടൻ :
ബ്രിട്ടനിൽ ബ്രെക്സിറ്റ് കരാർ പാസാക്കുന്നത് കീറാമുട്ടിയായി തുടരുന്നു. ഇതോടെ യൂറോപ്യൻ യൂണിയനോട് ദീർഘനാളത്തേക്ക് ബ്രെക്സിറ്റ് നീട്ടിവയ്ക്കണമെന്ന് അഭ്യർഥിക്കാൻ പ്രധാനമന്ത്രി തെരേസാ മേ തയാറെടുക്കുകയാണ്. കാതലായ മാറ്റം വരുത്താതെ മൂന്നാമതും ബ്രെക്സിറ്റ് കരാർ പാർലമെന്റിൽ വോട്ടിനിടാനാവില്ലെന്ന സ്പീക്കർ ജോൺ ബെർകോയുടെ റൂളിംഗ് ബ്രിട്ടനെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. രണ്ടു തവണ പാർലമെന്റ് തള്ളിയ കരാർ വ്യാഴാഴ്ച ബ്രസൽസിൽ യൂറോപ്യൻ യൂണിയൻ സമ്മേളനം നടക്കുന്നതിനുമുന്പ് അവതരിപ്പിച്ചു പാസാക്കാമെന്നായിരുന്നു പ്രധാനമന്ത്രി തെരേസാ മേയുടെ കണക്കുകൂട്ടൽ. പക്ഷെ നിരാശയായിരുന്നു ഫലം.
സ്പീക്കറുടെ റൂളിംഗിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട തുടർ നടപടിയെക്കുറിച്ച് കാബിനറ്റ് ഇന്നലെ 90 മിനിറ്റ് ചർച്ച നടത്തി. എന്നാൽ തീരുമാനത്തിലെത്താനായില്ല. ബെർകോയുടെ ഇടപെടൽ പാർലമെന്റിനെ എല്ലാവരുടെയും മുന്നിൽ അപഹാസ്യമാക്കിയെന്നു മേ പറഞ്ഞെന്നാണു കാബിനറ്റുമായി ബന്ധമുള്ള വൃത്തങ്ങൾ നൽകുന്ന സൂചന.
നിലവിലുള്ള നിശ്ചയ പ്രകാരം മാർച്ച് 29നു യുറോപ്യൻ യൂണിയനിൽനിന്നു ബ്രിട്ടൻ വിടുതൽ (ബ്രെക്സിറ്റ്) നേടണം. മൂന്നാം വോട്ടെടുപ്പ് നീണ്ടുപോകുന്ന സാഹചര്യത്തിൽ ബ്രെക്സിറ്റ് തീയതി നീട്ടണമെന്ന് അഭ്യർഥിച്ച് വ്യാഴാഴ്ചയ്ക്കു മുന്പായി യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്റ് ഡോണൾഡ് ടസ്കിനു മേ കത്തെഴുതും. ജൂൺ 30 വരെ കാലാവധി നീട്ടിച്ചോദിക്കാനാണു സാധ്യത. ആവശ്യമെങ്കിൽ രണ്ടുവർഷം വരെ സാവകാശം അനുവദിക്കണമെന്നും നിർദേശിക്കും.
സ്പീക്കറുടെ റൂളിംഗ് മറികടക്കുന്നതിനുള്ള മാർഗങ്ങളും ആരായുന്നുണ്ട്. ഇപ്പോഴത്തെ പാർലമെന്റ് സമ്മേളനം പിരിഞ്ഞാൽ റൂളിംഗ് ഇല്ലാതാവും. പുതിയ സമ്മേളനത്തിൽ കരാർ അവതരിപ്പിക്കാൻ തടസ്സമില്ല. സ്പീക്കറുടെ റൂളിംഗ് രാജ്യത്ത് ഭരണഘടനാ പ്രതിസന്ധിക്കിടയാക്കിയിരിക്കുകയാണെന്നു രാഷ്ട്രീയവിശകലന വിദഗ്ധർ അഭിപ്രായപ്പെട്ടു.
അതിനിടെ ബ്രെക്സിറ്റിനെച്ചൊല്ലി ബ്രിട്ടനിൽ നടക്കുന്ന വാദപ്രതിവാദങ്ങളിലും അനിശ്ചിതത്വത്തിലും മനം മടുത്ത ഫ്രഞ്ച് മന്ത്രി നതാലി ലൂസിയ തന്റെ വളർത്തു പൂച്ചയ്ക്ക് ബ്രെക്സിറ്റ് എന്നു പേരിട്ടു ട്രോളിയത് കൗതുകകരമായി. രസകരമായ വിശദീകരണമാണ് അതിനെ കുറിച്ച് അവർ നൽകുന്നത്. എല്ലാ പ്രഭാതത്തിലും പൂച്ച പുറത്തുപോകാനായി കരഞ്ഞ് ബഹളമുണ്ടാക്കും. വാതിൽതുറന്നാൽ എന്തു ചെയ്യണമെന്നു സംശയിച്ച് വെറുതേ നിൽക്കും. തീരുമാനമെടുക്കാൻ അതിനു കഴിയുന്നില്ല. പിന്നെ ഞാൻ അതിനെ എടുത്തു പുറത്തുകൊണ്ടുപോയി വിടും. പൂച്ചയ്ക്ക് ബ്രെക്സിറ്റ് എന്നു പേരിടാനുള്ള കാരണം മന്ത്രി നതാലി ലൂസിയു വിശദീകരിച്ചു. ഫ്രഞ്ച് കാബിനറ്റിൽ യൂറോപ്യൻ കാര്യമന്ത്രിയാണു നതാലി.