കല്‍പ്പറ്റ:
ഇത്തവണ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് അറിയിച്ച് ആദിവാസി യുവജന സംഘടനകളുടെ കൂട്ടായ്മയായ ഗോത്ര (സോഷ്യൽ ആൻഡ് കൾച്ചറൽ മൂവ്‌മെന്റ് ഫോർ ട്രൈബൽ യൂത്ത്). ആദിവാസികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് ഇത്തരത്തിലൊരു തീരുമാനത്തിന് ഗോത്ര ഒരുങ്ങുന്നത്. വനാവകാശനിയമം സംസ്ഥാനസര്‍ക്കാര്‍ അട്ടിമറിച്ചുവെന്നാണ് ഗോത്ര ആരോപിക്കുന്നത്.
ബി.ജെ.പിയും കോണ്‍ഗ്രസും ആദിവാസികളെ അവഗണിക്കുകയാണ്. വയനാട്ടില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥി മത്സരിക്കാത്തത് ആദിവാസികളോടുള്ള കടുത്ത അവഗണനയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥിയാരെന്ന കാര്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്നും ഗോത്ര ചെയര്‍മാന്‍ ബിജു കാക്കത്തോട് പറഞ്ഞു.
സംവരണ മണ്ഡലങ്ങൾ ആയതുകൊണ്ടു മാത്രമാണ് മറ്റു തിരഞ്ഞെടുപ്പുകളിൽ ആദിവാസി പ്രതിനിധികളെ മത്സരിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികൾ നിർബന്ധിതരാകുന്നത്. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ആദിവാസി സമൂഹത്തെ അവഗണിക്കുന്ന നിലപാടാണ് ഇവർ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മത്സരത്തിനിറങ്ങുന്നതെന്നും ഇവർ പറഞ്ഞു.
വയനാടിനെക്കൂടാതെ തൃശ്ശൂര്‍ പാലക്കാട് ലോക്‌സഭ മണ്ഡലങ്ങളിലും മത്സരിക്കാന്‍ ആലോചിക്കുന്നതായി ബിജു കാക്കത്തോട് കൂട്ടിച്ചേര്‍ത്തു. വയനാട് മണ്ഡലത്തിൽ രണ്ട് ലക്ഷത്തിലധികം ആദിവാസി വോട്ടുകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഗോത്രയുടെ നേതൃത്വത്തിൽ ആദിവാസി സംഘടനകളുടെ കൂട്ടായ്മ നിർത്തുന്ന പൊതുസ്ഥാനാർത്ഥിക്ക് 25,000 വോട്ടെങ്കിലും നേടാനാകുമെന്നാണ് ഗോത്രയുടെ പ്രതീക്ഷ.
മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളുമായി വിലപേശാനല്ല സ്ഥാനാർത്ഥികളെ നിർത്തുന്നത്. മറിച്ച് ആദിവാസികളെ അവഗണിക്കുന്നവരോടുള്ള പ്രതിഷേധമാണ്. ജയപരാജയങ്ങൾക്കപ്പുറം ആദിവാസികളുടെ ശബ്ദം പൊതുധാരയിലെത്തിക്കുയാണ് ലക്ഷ്യം. പിന്തുണയുമായി ബന്ധപ്പെട്ട് സി.കെ. ജാനുവിനെയും എം. ഗീതാനന്ദനെയും കാണും. എം.എം. നാരായണൻ, എം.കെ. ഗോപാലൻ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
സി കെ ജാനുവിന്‍റെ നേതൃത്വത്തിലുള്ള ആദിവാസി ഗോത്രമഹാസഭയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ബിജു കാക്കത്തോടിന്റെ നേതൃത്വത്തില്‍ രണ്ട് വര്‍ഷം മുന്‍പ് ആരംഭിച്ച കൂട്ടായ്മയാണ് ‘ഗോത്ര’. കലാ-കായിക രംഗങ്ങളില്‍ കഴിവുള്ള യുവതീ-യുവാക്കള്‍ക്ക് സഹായവും പ്രോത്സാഹനവും നല്‍കുക, ദൈനംദിന പ്രശ്നങ്ങളില്‍ അവരോടൊപ്പം നില്‍ക്കുക, ഭൂമി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ആദിവാസി സമൂഹം അനുഭവിക്കുന്ന അടിസ്ഥാന വിഷയങ്ങളിലുള്ള ഇടപെടല്‍ എന്നിവയാണ് ഗോത്രയുടെ ലക്ഷ്യം.